വ്യാജമദ്യം നിര്‍മിക്കുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കും

പട്‌ന: വ്യാജമദ്യം നിര്‍മിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയുടെ നടപ്പ് ബജറ്റ് സമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബില്ല് അവതരിപ്പിക്കുന്നത്.
മദ്യവില്‍പനയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷീര സഹകരണ ഫെഡറേഷന്റെ സുധ ഡയറി ഉല്‍പന്ന കേന്ദ്രങ്ങള്‍ തുടങ്ങും. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 200 മദ്യവില്‍പന കേന്ദ്രങ്ങള്‍ സുധ ഡയറി ഉല്‍പന്ന വിതരണകേന്ദ്രങ്ങളാക്കി മാറ്റാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇത്തരം കൂടുതല്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. മദ്യപാന ശീലത്തില്‍നിന്നു മദ്യപരെ പിന്തിരിപ്പിക്കാനുള്ള ബോധവല്‍കരണവും നടന്നുവരുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
സ്വയം സഹായസംഘങ്ങളില്‍ നിന്നുള്ളവരടക്കം 40 ലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍ വീടുകള്‍തോറും ബോധവല്‍കരണ സന്ദേശം കൈമാറുന്നുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 72,000 വിദ്യാര്‍ഥികള്‍ അവരുടെ രക്ഷിതാക്കളില്‍നിന്ന് മദ്യം കുടിക്കുകയില്ല എന്ന സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങി നല്‍കി. സ്ഥിരം മദ്യപരെ മദ്യാസക്തിയില്‍നിന്നു പിന്തിരിപ്പിക്കാനും ചികില്‍സ നല്‍കാനും മദ്യവിമുക്ത കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആരംഭിക്കും. ഗൃഹനാഥന്റെ മദ്യപാനംമൂലം തകര്‍ന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന മദ്യനിരോധനം സംസ്ഥാനത്ത് വലിയൊരു സാമൂഹിക വിപ്ലവത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it