kasaragod local

വ്യവസായ മന്ത്രി ഓര്‍ക്കുന്നുവോ ഉദുമ സ്പിന്നിങ് മില്ലിനെ

ഉദുമ: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആദ്യവര്‍ഷം തന്നെ മൈലാട്ടിയിലെ ഉദുമ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ്. ജില്ലയില്‍ രണ്ട് എംഎല്‍എമാരുള്ള മുസ്‌ലിംലീഗിന്റെ ചുമതലയുള്ള വ്യവസായ വകുപ്പാണ് ജില്ലയോട് കടുത്ത അവഗണന കാണിച്ചത്.
ഒരു നഗരസഭയും രണ്ട് ബ്ലോക്ക് പഞ്ചായത്ത് 13 പഞ്ചായത്തുകളിലും ഭരണം നടത്തുന്നതും മുസ്‌ലിംലീഗാണ്. അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു വ്യവസായ സംരംഭവും ജില്ലയില്‍ ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വ്യവസായ വകുപ്പില്‍നിന്ന് ഒരു രൂപ പോലും ജില്ലയ്ക്ക് അനുവദിച്ചില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് അദ്ദേഹത്തിന്റെ വകുപ്പ് മേലധികാരികള്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്.
സൗഹൃദം, സമത്വം, സമന്വയം എന്നീ മുദ്രാവാക്യങ്ങളുമായി മുസ്‌ലിംലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രക്ക് ഇന്നലെ തുടക്കം കുറിച്ചിരിക്കുകയാണ്. പ്രവാസികള്‍ ഗള്‍ഫില്‍ നിന്നെത്തി തൊഴിലില്ലാതെ അലയുമ്പോഴും ഒരു വ്യവസായ സംരംഭം തുടങ്ങാന്‍ പോലും യുഡിഎഫ് സര്‍ക്കാറിന് സാധിച്ചിട്ടില്ല. വികസന രംഗത്ത് ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നായിരുന്നു യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റയുടനെ ജില്ലയിലെത്തിയ വ്യവസായ മന്ത്രി പറഞ്ഞിരുന്നത്.
പൊതുമേഖലയിലുണ്ടായിരുന്ന അസ്ട്രാല്‍ വാച്ചസ് പൂട്ടിയിട്ട് വര്‍ഷങ്ങളായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയായിട്ടും ഒരു കശുവണ്ടി ഫാക്ടറി പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഉദുമ സ്പിന്നിങ് മില്ലിന്റെ ചെയര്‍മാനായി മുസ്‌ലിംലീഗ് നേതാവായിരുന്ന പരേതനായ ഗോള്‍ഡന്‍ അബ്ദുല്‍ഖാദറിനെ നിയമിച്ചതല്ലാതെ മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്താണ് ഉദുമ ടെക്‌സ്‌റ്റൈല്‍ മില്‍ ആരംഭിക്കുന്നത്. വ്യവസായമന്ത്രിയായിരുന്ന എളമരംകരീം 2011 ജനുവരി 28നാണ് ഉദ്ഘാടനം ചെയ്തത്. 18 കോടി രൂപ ഈ സ്ഥാപനത്തിന് അനുവദിച്ചിരുന്നു. ഇതില്‍ 16 കോടി രൂപ ചെലവഴിച്ചാണ് യന്ത്രസാമഗ്രികള്‍ വാങ്ങിയിരുന്നത്.
ഈ യന്ത്രങ്ങളില്‍ ഭൂരിഭാഗവും തുരുമ്പെടുത്ത് കഴിഞ്ഞു. മൈലാട്ടിയിലെ സെറികള്‍ച്ചറിനടുത്തുള്ള എട്ടു ഏക്കര്‍ സ്ഥലത്താണ് വിശാലമായ സൗകര്യങ്ങളോടുകൂടിയ മില്‍ സ്ഥാപിച്ചത്. മില്ലിലേക്ക് വേണ്ടി 180 ജീവനക്കാരെ നിയമിച്ചിരുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചിരുന്ന 180 ജീവനക്കാരെ പിരിച്ചുവിട്ടു. രാഷ്ട്രീയ പ്രേരിതമായി ജീവനക്കാരെ നിയമിച്ചുവന്ന പരാതിയെ തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടത്.
പിരിച്ചുവിട്ട തൊഴിലാളികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് മില്ലിന്റെ പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമായത്. നൂറുകണക്കിന് യുവതി-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമായിരുന്ന ഈ വ്യവസായ സ്ഥാപനം തുറക്കാന്‍ പോലും അഞ്ച് വര്‍ഷംകൊണ്ട് കഴിയാത്ത വ്യവസായ വകുപ്പ് ജില്ലയോട് കടുത്ത അവഗണനയും വിവേചനവുമാണ് കാണിച്ചിരിക്കുന്നത്.
വ്യവസായം തുടങ്ങാത്ത ഉദുമ സ്പിന്നിങ് മില്ലിന് വൈദ്യുതി ബില്ല് ഇനത്തില്‍ കുടിശിക വരുത്തിയതിന് 21 ലക്ഷം രൂപ അടക്കാന്‍ വൈദ്യുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തുക അടക്കാത്തതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
2011 ജൂലായിലാണ് മില്ലിലേക്ക് പ്രത്യേക ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കിയത്. ഉല്‍പാദനം തുടങ്ങാത്തതിനാല്‍ പ്രതിമാസം 1.21 ലക്ഷം രൂപ കണക്കാക്കി ബില്ല് അടക്കണമെന്നായിരുന്നു വ്യവസ്ഥ. ആദ്യത്തെ രണ്ട് ഗഡു അടച്ചതിനു ശേഷം പിന്നീട് ബില്ല് അടച്ചില്ല. 2013 നവംബര്‍ വരെയുള്ള കുടിശ്ശികയായിരുന്നു 21 ലക്ഷം രൂപ. 17 ലക്ഷം രൂപ മിനിമം ഉപഭോഗ ചാര്‍ജും നാലുലക്ഷം രൂപ പലിശയുമായിരുന്നു.
ജില്ലാ വ്യവസായ കേന്ദ്രം വഴി 2010- 11 മുതല്‍ 2014-15 വരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 44, 09,97,808 രൂപ വകുപ്പിലെ പദ്ധതി ഇനത്തില്‍ ചിലവഴിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ ഇത് ബാങ്ക് വായ്പ ഇനത്തില്‍ നല്‍കിയതുമാത്രമാണെന്നാണ് വ്യവസായ കേന്ദ്രം അധികൃതര്‍ സൂചിപ്പിക്കുന്നത്.
കിന്‍ഫ്രാ പാര്‍ക്കില്‍ വ്യവസായം തുടങ്ങാന്‍ അന്യജില്ലക്കാരായ നിരവധിപേര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും വ്യവസായം തുടങ്ങാത്ത ഇവരില്‍നിന്നും സ്ഥലം തിരിച്ചുപിടിക്കാന്‍പോലും വ്യവസായ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
വ്യവസായം തുടങ്ങാന്‍ ഏകജാലകം വഴി അപേക്ഷ നല്‍കിയ നിരവധിപേരുടെ അപേക്ഷകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഇവരുടെ ഫയലിലും ഒരു തീരുമാനവും ആയിട്ടില്ല.
ആം ആദ്മി പാര്‍ട്ടി നേതാവായ മുഹമ്മദ് അലി ഫത്താഹ് ആണ് ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖ വ്യവസായ വകുപ്പില്‍നിന്നും തേടിയത്.
Next Story

RELATED STORIES

Share it