Alappuzha local

വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ ആറു പേര്‍ക്കു പരിക്ക്

അരൂര്‍: ചന്തിരൂരില്‍ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ ആറു പേര്‍ക്കു പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി ഒമ്പതിന് ചന്തിരൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ചന്തിരൂര്‍ ദുസ്സംപറമ്പില്‍ ശശിയുടെ മകന്‍ ശരത്ത്(21), നികര്‍ത്തില്‍ സോമന്റെ മകന്‍ സനീഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പിനടുത്ത് ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പേഴായിരുന്നു നിയന്ത്രണംവിട്ട പിക്കപ്പ്‌വാനിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ തെറിച്ചുവീഴുകയും മറ്റേയാള്‍ വണ്ടിയുടെ അടിയില്‍പ്പെടുകയും ചെയ്തു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവറില്ലാത്ത സമയം ക്ലീനര്‍ വണ്ടി ഓടിച്ചതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ദേശീയപാതയോരത്ത് ഓറഞ്ച് വില്‍പന നടത്തുന്നവരുടെതാണ് വാഹനം..അപകടം നടന്ന ഉടനെ വണ്ടി ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ പിന്നീട് പോലിസ് സ്റ്റേഷനില്‍ ഹാജരായി. അരൂര്‍ പോലിസ് പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തു.
ചന്തിരൂര്‍ ഹയര്‍സെക്കന്ററി സ്‌കുളിനു വടക്കുവശം ഇന്നലെ സൈക്കിളിന് പിന്നിലിടിച്ച കാര്‍ നിയന്ത്രണംവിട്ട് ട്രാവലിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. സൈക്കിള്‍ യാത്രികന്‍ ചന്തിരൂര്‍ സ്വദേശി ഷാജി, കാര്‍ യാത്രികരായ കൊല്ലം പോളേത്തോട് സൂര്യ (26), കൃഷ്ണകുമാര്‍ (26), പ്രദീപ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മരടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സൈക്കിള്‍ യാത്രികന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പട്ടി വട്ടം ചാടിയതോടെ ബ്രേക്ക് പിടിക്കുകയും പിന്നാലെ വന്ന കാറിടിക്കുകയുമായിരുന്നു. നിയന്ത്രണംവിട്ട കാര്‍ ട്രാവലിന്റെ പിന്നിലിടിച്ച് അപകടത്തില്‍പ്പെടുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു.
Next Story

RELATED STORIES

Share it