വ്യക്തിനിയമങ്ങളില്‍ ഇടപെടരുത്: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

മംഗളൂരു: മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട്(എന്‍ഡബ്ലിയുഎഫ്) ദേശീയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വ്യക്തിനിയമങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും ഇവയെപ്പോലെ അനേകം മതങ്ങളും ജാതികളുമുള്ള ഒരു സമൂഹത്തില്‍ ഒരേ തരം സിവില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു ശരിയല്ലെന്നും സമ്മേളനം പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ സമ്മേളനം മറ്റൊരു പ്രമേയത്തില്‍ വിമര്‍ശിച്ചു. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് എതിര്‍ക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പാര്‍ലമെന്റിലും അസംബ്ലികളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള നീക്കം വേഗത്തിലാക്കണം. മുസ്‌ലിംകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രത്യേക ക്വാട്ട അനുവദിച്ചില്ലെങ്കില്‍ ഈ നിര്‍ദേശം വിപരീത ഫലമാണുണ്ടാക്കുകയെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ പുതൂരില്‍ രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേളനം ഇന്നലെ സമാപിച്ചു.
അഖിലേന്ത്യാ പ്രസിഡന്റായി എ എസ് സൈനബ(കേരളം)യെയും ജനറല്‍ സെക്രട്ടറിയായി ലുബ്‌ന മിന്‍ഹാസ് ശെയ്ഖി(കര്‍ണാടക)നെയും തിരഞ്ഞെടുത്തു. ദേശീയ പ്രതിനിധി സമ്മേളനം മറ്റു ഭാരവാഹികളായി ഫാത്തിമ അലീമ(തമിഴ്‌നാട്) വൈസ് പ്രസിഡന്റ്, ഫരീദ ഹസന്‍(കേരളം) സെക്രട്ടറി, നുസ്‌റത്ത് ജഹാന്‍(രാജസ്ഥാ ന്‍) ഖജാഞ്ചി എന്നിവരെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it