kozhikode local

വോള്‍ട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം തേടി 47 കുടുംബങ്ങള്‍

നരിക്കുനി: മടവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലെ 47 കുടുംബങ്ങള്‍ വര്‍ഷങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം തേടുന്നു. പുല്ലാളൂര്‍ കിണാരങ്ങോളി, ചെരപ്പറമ്പത്ത്, ഉള്ളാടത്ത് പുറായില്‍, പുല്‍പറമ്പില്‍, എരഞ്ഞോത്ത്, മലയില്‍, എരഞ്ഞ് കുന്ന് ഭാഗങ്ങളിലായുള്ള 47 വീട്ടുകാരാണ് വൈദ്യുതി കണക്ഷന്‍ ലഭിച്ചത് മുതലുള്ള ദുരിതത്തിന് പരിഹാരം തേടുന്നത്. മൂന്ന് കിലോമീറ്ററോളം അകലെ കോയാലിമുക്കിലെ ട്രാന്‍സ്‌ഫോമറില്‍ നിന്നുള്ള ലൈനിലൂടെയാണ് ഇവിടെ വൈദ്യുതിയെത്തുന്നത്.
കോയാലിമുക്ക് മുതല്‍ വെള്ളാട്ടുമ്മല്‍ താഴം വരെ ത്രീഫെയ്‌സ് ലൈനും പിന്നീട് രണ്ട് കിലോമീറ്ററോളം സിംഗിള്‍ ഫെയ്‌സ് ലൈനുമാണുള്ളത്. സിംഗി ള്‍ ഫെയ്‌സ് ലൈനുള്ള ഭാഗത്തുള്ളവരാണ് ഈ 47 വീട്ടുകാരും. പുല്‍പറമ്പില്‍, എരഞ്ഞോത്ത്, മലയില്‍, എരഞ്ഞ്കുന്ന് ഭാഗങ്ങളിലുള്ള നിരവധി വീടുകളില്‍ വോള്‍ട്ടേജ് ക്ഷാമം കാരണം ഇലക്ട്രിക്- ഇലക്ടോണിക്‌സ് ഉപകരണങ്ങളും കേടുവരുന്നത് പതിവാണ്. വോള്‍ട്ടേജ് കുറഞ്ഞും കൂടിയും ഇരിക്കുന്നതിനാല്‍ ധൈര്യത്തോടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഫ്രിഡ്ജ്, ടിവി, കംപ്യൂട്ടര്‍, ലാപ്‌ടോപ്പ്, വാഷിങ് മെഷീന്‍, ഇലക്ട്രിക് മോട്ടോര്‍ തുടങ്ങി നിരവധി വിലപിടിപ്പുള്ള ഉപകരങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. രാത്രി ഉറങ്ങാതെ ഇരുന്നാണ് പലരും ദൈനംദിന ആവശ്യത്തിനുള്ള വെള്ളം ശേഖരിക്കാനായി ഇലക്ട്രിക് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പുലര്‍ച്ചെ 2-3 സമയത്താണ് മോട്ടോറുകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കാനുള്ള വോള്‍ട്ടേജ് ഉണ്ടാവാറു ള്ളത് എന്നാണ് ഈ ഭാഗത്തെ ഗുണഭോക്താക്കള്‍ പറയുന്നത്. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഇത്രയേറെ രൂക്ഷമായി വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശം വേറെയുണ്ടാവില്ലെന്നാണ് ഇവിടത്തുകാരുടെ അഭിപ്രായം.കഴിഞ്ഞ ആറ് വര്‍ഷമായി പലതവണ അധികൃതര്‍ക്ക് പരാതികളും നിവേദനങ്ങളും പലതവണ നല്‍കിയിട്ടും യാതൊരു ഗുണവും ലഭിക്കുന്നില്ലെന്നാണ് പരാതി.
Next Story

RELATED STORIES

Share it