വോണിന് തിരിച്ചടി നല്‍കാന്‍ സചിന്‍

ഹുസ്റ്റണ്‍: ഇതിഹാസ താരങ്ങള്‍ അണിനിരയ്ക്കുന്ന ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍സ് സീരീസിലെ രണ്ടാമങ്കം ഇന്ന് അമേരിക്കയിലെ ഹുസ്റ്റണില്‍ അരങ്ങേറും.
അമേരിക്കയില്‍ ക്രിക്കറ്റിന്റെ സീകാര്യത വര്‍ധിപ്പിക്കാനായി ഇന്ത്യന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സചിന്‍ ടെണ്ടുല്‍ക്കറും ആസ്‌ത്രേലിയയുടെ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും സംയുക്തമായി നടത്തുന്ന വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ ടൂര്‍ണമെന്റിനാണ് ഓള്‍ സ്റ്റാര്‍സ് സീരീസ് എന്ന് പേരിട്ടിരിക്കുന്നത്. സചിന്റെ കീഴിലിറങ്ങുന്ന സചിന്‍സ് ബ്ലാസ്റ്റേഴ്‌സും വോണിന്റെ നേതൃത്വത്തിലിറങ്ങുന്ന വോണ്‍സ് വാരിയേഴ്‌സും തമ്മിലാണ് പോരാട്ടം.
മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയിലെ ആദ്യ കളിയില്‍ പരാജയപ്പെട്ടതിനാല്‍ സചിന്റെ ടീമിന് ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സചിന്റെ ടീം ആഗ്രഹിക്കുന്നില്ല.
ആദ്യ കളിയില്‍ ആറു വിക്കറ്റിനാണ് വോണിന്റെ ടീമിന് മുന്നില്‍ സചിന്റെ ടീം അടിയറവ് പറഞ്ഞത്. എന്നാല്‍, കളിക്കളത്തില്‍ തന്റെ പഴയ കാല എതിരാളിയായിരുന്ന സചിനെ വീഴ്ത്തി പ്രഥമ ഓള്‍ സ്റ്റാര്‍സ് കിരീടം തങ്ങളുടെ വരുതിയാലാക്കാനുള്ള തയ്യാറെടുപ്പിലാണ് വോണ്‍.
ആദ്യ കളിയില്‍ സചിന്റെ വിക്കറ്റ് വീഴ്ത്തിയതും വോണായിരുന്നു. ഇതു തന്നെയായിരുന്നു മല്‍സരത്തിലെ ടേണിങ് പോയിന്റും. കളിയിലെ കേമന്‍ പട്ടവും വോണ്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇത്തവണ വോണിനു മേല്‍ വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ് സചിന്‍. പരമ്പരയിലെ അവസാന മല്‍സരം ശനിയാഴ്ച ലോസ് ആഞ്ചല്‍സില്‍ നടക്കും.
Next Story

RELATED STORIES

Share it