kozhikode local

വോട്ട് ചെയ്യൂ... കൗതുകമുണര്‍ത്തി ബൈക്ക് റാലി

കോഴിക്കോട്: കടലിരമ്പം കണക്കെ ആര്‍ത്തലച്ചെത്തിയ ഹാര്‍ലി ഡേവിഡ്‌സണ്‍-എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ നഗരവാസികള്‍ക്ക് അപൂര്‍വ അനുഭവമായി. ഇത്രയേറെ ചുള്ളന്‍ ബൈക്കുകളെ ഒന്നിച്ചുകണ്ട അവരില്‍ ഇതെന്തെന്നറിയാനുള്ള കൗതുകമായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ടുതേടിയുള്ള റാലിയെന്നു കരുതിയവര്‍ക്ക് പക്ഷെ തെറ്റി.
ആര്‍ക്കായാലും കൊള്ളാം, വോട്ട് ചെയ്യാന്‍ മറക്കരുതെന്നായിരുന്നു റാലിയുടെ സന്ദേശം. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വോട്ടവകാശം വിനിയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്റ് എലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പദ്ധതിയുടെ ഭാഗമായി നടന്ന ബൈക്ക് റാലിയായിരുന്നു ജനങ്ങളില്‍ കൗതുകം നിറച്ചത്.
വോട്ട് എന്റെ അവകാശം, എന്റെ വോട്ട് പാഴാക്കില്ല, എന്റെ വോട്ട് എന്റെ ശബ്ദം, വോട്ടറായതില്‍ അഭിമാനിക്കൂ, മെയ് 16 ജനാധിപത്യത്തിന്റെ ഉല്‍സവം തുടങ്ങിയ സന്ദേശങ്ങളെഴുതിയ ജഴ്‌സണികളണിഞ്ഞും പ്ലക്കാര്‍ഡുകളേന്തിയുയിരുന്നു റാലി.
തിരഞ്ഞെടുപ്പിന്റെയും വോട്ട് ചെയ്യുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് വിഭാഗം തയ്യാറാക്കിയ ലഘുലേഖയും റാലിക്കിടെ വിതരണം ചെയ്തു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി സംഘടിപ്പിച്ച റാലി ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് കലക്ടറേറ്റ് പരിസരത്ത് വച്ച ഫഌഗ് ഓഫ് ചെയ്തു. എരഞ്ഞിപ്പാലം, നടക്കാവ്, ബീച്ച് വഴി മാനാഞ്ചിറയില്‍ സമാപിച്ചു.
നൂറുകണക്കിനാളുകളാണ് ബൈക്കുകളുടെ രാജാക്കന്‍മാര്‍ നടത്തിയ വോട്ട് റാലി വീക്ഷിക്കാന്‍ റോഡിന്റെ ഇരുവശങ്ങളില്‍ തടിച്ചുകൂടിയത്. ഉദ്ഘാടനച്ചടങ്ങില്‍ എഡിഎം ടി ജെനില്‍കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ഹുസൂര്‍ ശിരസ്തദാര്‍ ജയന്‍ എം ചെറിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്നതിനുള്ള സ്വീപ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു ബൈക്ക് റാലി നടത്തിയത്.
Next Story

RELATED STORIES

Share it