kannur local

വോട്ട് ചെയ്യാന്‍ സ്ലിപ്പ്: കോണ്‍ഗ്രസ്സിന് ആശങ്ക; സിപിഎമ്മിന് മിണ്ടാട്ടമില്ല

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഎല്‍ഒമാര്‍ മുഖേന നല്‍കുന്ന വോട്ടര്‍സ്ലിപ്പ് മാത്രം മതിയെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്സിന് ആശങ്ക. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശത്തില്‍ സിപിഎം അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല.
ഫലത്തില്‍ സ്ലിപ്പ് ഉപയോഗിച്ച് വോട്ടുചെയ്യാമെന്ന നിര്‍ദേശം യുഡിഎഫ് ക്യാംപില്‍ ആശങ്ക സൃഷ്ടിക്കുമ്പോള്‍ എല്‍ഡിഎഫിന് അതു നന്നായി ഇഷ്ടപ്പെട്ടെന്നാണ് അവരുടെ മൗനം നല്‍കുന്ന സൂചന. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട്, അധാര്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വോട്ടുചെയ്യാന്‍ സഹായകമായി.
പ്രവാസിവോട്ടര്‍മാര്‍ക്ക് പാസ്‌പോര്‍ട്ടായിരുന്നു വോട്ട് ചെയ്യാന്‍ വേണ്ട രേഖ. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎല്‍ഒ വിതരണം ചെയ്യുന്ന വോട്ടര്‍സ്ലിപ് മതിയെന്ന നിര്‍ദേശമാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്. ബിഎല്‍ഒമാരുടെ രാഷ്ട്രീയചായ്‌വ് സ്ലിപ്പ് വിതരണത്തെ ബാധിക്കുമെന്നാണ് അവരുടെ പരാതി. ഇതേത്തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലക്കാരനുമായ സജീവ് ജോസഫ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
പല ബിഎല്‍ഒമാരും വിവിധ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകരാണ്. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും സ്ലിപ്പ് വിതരണം ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എത്രകണ്ട് ഫലിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. പാര്‍ട്ടികളുടെ സ്വാധീനത്തിന് വഴങ്ങി ഇത്തരം സ്ലിപ്പുകള്‍ പ്രാദേശിക നേതാക്കളുടെ പക്കലെത്താന്‍ സാധ്യതയുണ്ട്. ഇത് കള്ളവോട്ടിന് അവസരമുണ്ടാക്കുമെന്നാണ് യുഡിഎഫിന്റെ ആശങ്ക.
Next Story

RELATED STORIES

Share it