Alappuzha local

വോട്ട് ചെയ്യാന്‍ പോയവരുടെ കാറിടിച്ച് ഒമ്പതു പേര്‍ക്ക് പരിക്ക്

അരൂര്‍: വോട്ട് ചെയ്യാന്‍ പോയവരുടെ കാറിടിച്ച് കാല്‍നട യാത്രികരും രണ്ടു കൈക്കുഞ്ഞുങ്ങളടക്കം ഒമ്പതു പേര്‍ക്ക് പരിക്ക്.
അരൂര്‍ സെന്റ് ആന്റണീസ് പള്ളിക്കു സമീപം ഇന്നലെ വൈകീട്ട് മൂന്നിനായിരുന്നു അപകടം. ഗുരുമന്ദിരം ശാഖയിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരൂര്‍ പെരുപറമ്പില്‍ താമസക്കാരായ ലത ഉണ്ണിക്യഷ്ണന്‍ (40), രേഖ വേണുഗോപാല്‍ (38) എന്നിവരെ മരട് ലെയ്ക്ക്‌ഷോര്‍ ആശുപത്രിയിലും കാര്‍ യാത്രികരായ അരൂക്കുറ്റി സ്വദേശികളായ കൈതക്കാട്ടില്‍ അഭിലാഷ് (36), മാതാവ് കൗസല്യ (52), അഭിലാഷിന്റെ ഭാര്യ ശാരിക (26), ഇവരുടെ 11 മാസം പ്രായമായ കൈക്കുഞ്ഞ്, അഭിലാഷിന്റെ ബന്ധുവായ ശ്രീഷ്മ (20) ഇവരുടെ രണ്ടുമാസം പ്രായമായ കൈക്കുഞ്ഞ്, കാര്‍ ഡൈവര്‍ ഇസ്മയില്‍ (25) എന്നിവരെ വൈറ്റില വെല്‍കെയര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വോട്ട് ചെയ്ത ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന രണ്ട് സ്ത്രീകളെ ഇടിച്ച ശേഷം കാര്‍ നിയന്ത്രണംതെറ്റി ദേശീയപാതയോരത്തു നിന്നിരുന്ന വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു.
എഴുപുന്നയില്‍നിന്നു അരൂക്കുറ്റിയിലേക്കു പോവുകയായിരുന്നു കാര്‍. അരൂക്കുറ്റി സ്വദേശികളായ കാര്‍യാത്രികരെ എഴുപുന്നയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് വോട്ട് ചെയ്യിക്കുന്നതിനായി സ്ഥാനാര്‍ഥിയുടെ കാറില്‍ അരൂക്കുറ്റിയിലേക്കു പോകവേയാണ് അപകടം ഉണ്ടായത്. വൈദ്യുതി കമ്പി പൊട്ടിയതിനാല്‍ ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ അരൂര്‍ പോലിസ് എത്തി സ്റ്റേഷനിലേക്കു മാറ്റി.
Next Story

RELATED STORIES

Share it