വോട്ട് ചെയ്തത് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ: മമ്മൂട്ടി

വോട്ട് ചെയ്തത് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ: മമ്മൂട്ടി
X
mammootty actorകൊച്ചി: വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്ന് മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെട്ട പനമ്പിള്ളിനഗര്‍ ജിഎച്ച്എസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല രാഷ്ട്രീയം. രാഷ്ട്രീയം എന്നു പറയുന്നത് ഒരോരുത്തരുടെയും അഭിപ്രായമാണ്. അതു പ്രകടിപ്പിക്കാനുള്ള അവസരമാണു തിരഞ്ഞെടുപ്പ്. ആ അവസരം ആരും പാഴാക്കരുതെന്നാണ് തനിക്കു പറയാനുള്ളത്.
പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ഥി കെ ബി ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ പോയത് വിവാദമായിരുന്നല്ലോ എന്ന ചോദ്യത്തിന് ശരിയാണ് അതു വിവാദമായിരുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ രാജിവച്ച നടപടി ശരിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ കൊള്ളാമല്ലോയെന്നായിരുന്നു മറുപടി. മമ്മൂട്ടിയുടെ മകനും ചലച്ചിത്ര താരവുമായ ദുല്‍ഖര്‍ സല്‍മാനും ഇതേ ബൂത്തില്‍ രാവിലെ വോട്ട് രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ ദുല്‍ഖറിന്റെ ആദ്യ വോട്ടായിരുന്നു ഇത്. യുവാക്കള്‍ വോട്ടുചെയ്യാനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു ദുല്‍ഖറിന്റെ സന്ദേശം.
ചലച്ചിത്രതാരങ്ങളായ ദിലീപ് ആലുവ ആലുവ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസിലും ലാലു അലക്‌സ് പിറവം എംകെഎം സ്‌കൂളിലും സലിംകുമാര്‍ നീണ്ടൂര്‍ പള്ളി ഹാളിലും ഗിന്നസ് പക്രു എരുവേലി ജെബിഎസ് സ്‌കൂളിലും നടി കാവ്യ മാധവന്‍ വെണ്ണല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സരയു എരുവേലി ജെബിഎസ് സ്‌കൂളിലെ 21ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. കവിയൂര്‍ പൊന്നമ്മ കരുമാല്ലൂര്‍ പഞ്ചായത്തിലെ തട്ടാംപടി ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു. ഷൂട്ടിങുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു പുറത്തായതിനാല്‍ നടന്‍ ജയസൂര്യക്കും വിദേശത്തായതിനാല്‍ നിവിന്‍ പോളിക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല.
Next Story

RELATED STORIES

Share it