Districts

വോട്ട് ആരവത്തില്‍നിന്ന് മാറി അഡുക്കസ്ഥല

എ പി വിനോദ്

പെര്‍ള (കാസര്‍കോട്): തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവം കര്‍ണാടകയിലും. പെര്‍ളയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ അഡുക്കസ്ഥല മുതല്‍ അഡ്യനടുക്ക വരെ റോഡിന് ഒരു ഭാഗം കര്‍ണാടകയുടെയും മറുഭാഗം കേരളത്തിന്റേതുമാണ്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന അഡുക്കസ്ഥല ടൗണ്‍ കര്‍ണാടകയിലാണെങ്കിലും ഇതിന്റെ ചുറ്റിലുമുള്ള പ്രദേശങ്ങള്‍ കേരളത്തിലെ എന്‍മകജെ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ്.
അഡ്യനടുക്ക ടൗണില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും എല്‍ഡിഎഫിന്റെയും പ്രചാരണ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ കന്നഡക്കാര്‍ സംശയിച്ചുനിന്നുപോകും, ഇവിടെ തിരഞ്ഞെടുപ്പ് ആരംഭിച്ചോയെന്ന്. എന്നാല്‍, കന്നഡയിലും തുളുവിലും കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്കും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്കും എന്‍മകജെ പഞ്ചായത്തിലേക്കുമുള്ള വോട്ട് അഭ്യര്‍ഥന കേള്‍ക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് കേരളത്തിലാണെന്ന് മനസ്സിലാവുക. അഡ്യനടുക്ക ടൗണിലെ ഹോട്ടലിന്റെ മുന്‍ഭാഗം കര്‍ണാടകയിലും അടുക്കള കേരളത്തിലുമാണ്. എന്‍മകജെ പഞ്ചായത്തിലെ രണ്ടാംവാര്‍ഡാണ് കേരളത്തിലേത്. ഹോട്ടലിന്റെ മുന്‍ഭാഗം കര്‍ണാടക മാനില താലൂക്ക് പഞ്ചായത്തിലെ നാലാം വാര്‍ഡിലുമാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പ്രചാരണവാഹനങ്ങള്‍ ചാവര്‍ക്കാേട്ടക്കും സായയിലേക്കും പോവുമ്പോള്‍ ആവേശത്തോടെയാണ് ജനങ്ങളുടെ സ്വീകരണം. കന്നഡയും തുളുവും മലയാളവുമറിയാത്ത സ്ഥാനാര്‍ഥികള്‍ക്ക് ഇവിടെ രക്ഷയില്ല. ഓരോ വീട്ടിലും സംസാരിക്കുന്ന ഭാഷ വ്യത്യസ്തമാണ്. മറാഠി സംസാരിക്കുന്നവരും കുറവല്ല. വീടുകള്‍ ഒറ്റപ്പെട്ടായതിനാല്‍ സ്ഥാനാര്‍ഥികളും നേതാക്കളും കാല്‍നടയായാണ് വോട്ടുതേടുന്നത്. യുഡിഎഫും ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ത്രികോണമല്‍സരം നടക്കുന്ന പ്രദേശം കൂടിയാണിവിടം. പ്രചാരണ പോസ്റ്ററുകള്‍ ഭൂരിഭാഗവും കന്നഡയിലാണ്.
Next Story

RELATED STORIES

Share it