വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം: തിരഞ്ഞെടുപ്പിന് അഞ്ചു ദിവസം മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പിന്റെ അഞ്ച് ദിവസം മുമ്പേ ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന വിധത്തിലുള്ള സ്ലിപ്പുകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന വിതരണം ചെയ്യന്നത് തടയണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. സ്ലിപ്പ് വിതരണവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമീഷന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ കോടതി ഹരജി തീര്‍പ്പാക്കി.
ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേനയാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നത്. വാങ്ങുന്നയാളുടെ ആധികാരികത ഉറപ്പാക്കാതെ ഇവ വിതരണം ചെയ്യുന്നത് കള്ള വോട്ടുകള്‍ക്ക് ഇടയാക്കും. തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന ഈ സ്ലിപ്പുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. വിതരണം പൂര്‍ത്തിയാക്കാത്ത സ്ലിപ്പുകള്‍ തിരഞ്ഞെടുപ്പ് ദിവസം നല്‍കുന്നതും കള്ളവോട്ടിന് അവസരമുണ്ടാക്കുമെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, സ്ലിപ്പ് വിതരണവുമായി ബന്ധപ്പെട്ട വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയിട്ടുള്ളതായി 2016 ഏപ്രിലില്‍ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമിഷന്‍ കോടതിയെ അറിയിച്ചു. സ്ലിപ്പ് വിതരണം തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് പുതിയ ഭേദഗതി. ബാക്കിയുള്ള സ്ലിപ്പുകളുടെ വിവരങ്ങള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് ബിഎല്‍ഒമാര്‍ നല്‍കണം. വിതരണം ചെയ്യാതെ മടക്കുന്ന സ്ലിപ്പുകള്‍ ബൂത്തിലോ പുറത്തോ പിന്നീട് വിതരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it