വോട്ടെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 2, 5 തിയ്യതികളിലായി രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പു നടക്കുക. നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. നവംബര്‍ 5ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയം. നവംബര്‍ 7നാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന ഒക്‌ടോബര്‍ ഏഴുമുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

ഒക്‌ടോബര്‍ 14 വരെ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന ഒക്‌ടോബര്‍ 15ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്‌ടോബര്‍ 17 ആണ്. നാമനിര്‍ദേശപത്രിക നല്‍കുന്നവര്‍ക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ 1,000 രൂപ, ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി- 2,000 രൂപ, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍- 3,000 രൂപ എന്നിങ്ങനെയാണ് ഡെപ്പോസിറ്റ് തുക നിശ്ചയിച്ചിട്ടുള്ളത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഇതിന്റെ 50 ശതമാനം കെട്ടിവച്ചാല്‍ മതിയാകും. സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെവലഴിക്കാവുന്ന തുക ഗ്രാമപ്പഞ്ചായത്ത്- 10,000 രൂപ, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍- 30,000 രൂപ, ജില്ലാ പഞ്ചായത്തുകള്‍, കോര്‍പറേഷന്‍- 60,000 രൂപ എന്നിങ്ങനെയാണ്.

പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ഇത്തവണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക. നിഷേധവോട്ട് (നോട്ട) ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ഥികളുടെ ചിത്രവും ബാലറ്റ് യൂനിറ്റില്‍ ഉണ്ടാവില്ല. ഇപ്രാവശ്യം ഫോട്ടോ പതിച്ച വോട്ടര്‍പ്പട്ടികയാണ് ഉപയോഗിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലേക്ക് മള്‍ട്ടിപോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിലേക്ക് ആദ്യമായാണ് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്. 941 ഗ്രാമപ്പഞ്ചായത്തുകളിലെ 15,962ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076ഉം 14 ജില്ലാ പഞ്ചായത്തുകളിലെ 331ഉം 86 മുനിസിപ്പാലിറ്റികളിലെ 3,088ഉം ആറു കോര്‍പറേഷനുകളിലെ 414ഉം വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് 2012ല്‍ നടന്നതിനാല്‍ അവിടെ 2017ല്‍ മാത്രമേ തിരഞ്ഞെടുപ്പ് നടക്കൂ. മൊത്തം 21,871 നിയോജകമണ്ഡലങ്ങളിലായി 35,000ഓളം പോളിങ്ബൂത്തുകളാണ് ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. 2.50 കോടിയിലധികം വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അഞ്ചുലക്ഷത്തിലധികംപേര്‍ പുതിയ വോട്ടര്‍മാരാണ്. പ്രവാസികള്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഭിന്നലിംഗത്തില്‍പ്പെട്ട 82 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇ-ഡ്രോപ്പ് സംവിധാനം ഉപയോഗിച്ച് രണ്ടുലക്ഷത്തോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും. സുരക്ഷയ്ക്കായി പോലിസ് സേനയെ വിന്യസിക്കുന്നതിന്് ഡി.ജി.പിയുമായി ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ അയല്‍സംസ്ഥാനങ്ങളിലെ പോലിസ് സേനയുടെ സഹായം ആവശ്യപ്പെടും. സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it