വോട്ടെടുപ്പ് ഞായറാഴ്ച; തുര്‍ക്കിയില്‍ എകെ പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിച്ചു

അങ്കാറ: തുര്‍ക്കിയില്‍ ഭരണത്തിലിരിക്കുന്ന ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെ) പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിന്‍ അലി യില്‍ദിരിമിനെ(60) നിര്‍ദേശിച്ചു. ബിന്‍ അലി എകെ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍സ്ഥാനവും വഹിക്കും. ഞായറാഴ്ചയാണ് കോണ്‍ഗ്രസ്സില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടക്കുന്നത്.
ബിന്‍ അലിക്ക് വിജയം സുനിശ്ചിതമാണ്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹം നിലവില്‍ ഗതാഗതവകുപ്പ് മന്ത്രിയാണ്. ഉര്‍ദുഗാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് അഹ്മദ് ദാവൂദോഗ്‌ലു പ്രധാനമന്ത്രിസ്ഥാനം രാജി വച്ചതിനു പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിച്ചത്. രാജ്യത്തെ നിലവിലുള്ള പാര്‍ലമെന്ററി രീതിയില്‍ നിന്നും പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റാന്‍ ഉര്‍ദുഗാന്‍ ശ്രമം നടത്തിവരുകയാണ്. ഉര്‍ദുഗാന്റെ മരുമകനും ഊര്‍ജമന്ത്രിയുമായ ബെറാത് അല്‍ബെയ്‌റക് പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ മൂന്നില്‍ അദ്ദേഹം ഇടംപിടിച്ചില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം, പ്രസിഡന്റ് ഉര്‍ദുഗാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും തീവ്രവാദത്തിനെതിരേ പോരാട്ടം നടത്തുമെന്നും ബിന്‍ അലി പറഞ്ഞു.
Next Story

RELATED STORIES

Share it