Pathanamthitta local

വോട്ടെടുപ്പില്‍ വനിതാ മുന്നേറ്റം: കൂടുതല്‍പേര്‍ വോട്ടു ചെയ്തത് ആറന്മുളയില്‍; ശതമാനത്തില്‍ മുമ്പില്‍ അടൂര്‍

പത്തനംതിട്ട: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് ആറന്മുള മണ്ഡലത്തില്‍. 160605 പേര്‍ ആറന്മുളയില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. അതേസമയം, പോളിങ് ശതമാനത്തില്‍ അടൂര്‍ മണ്ഡലം മുന്നിലെത്തി. 74.52 ശതമാനമാണ് അടൂരിലെ പോളിങ്. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ ജില്ലയിലെ വനിതകള്‍ പുരുഷന്‍മാരേക്കാള്‍ ഒരു പടി മുന്നിലെത്തി. ജില്ലയിലെ സ്ത്രീ വോട്ടര്‍മാരില്‍ 71.91 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍, പുരുഷ വോട്ടര്‍മാരുടെ പങ്കാളിത്തം 71.37 ഒതുങ്ങി. 344000 പുരുഷന്‍മാരും 390600 സ്ത്രീകളുമാണ് ജില്ലയില്‍ വോട്ടു ചെയ്തത്.
ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയ അടൂര്‍ മണ്ഡലം സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തത്തിലും മുന്നിട്ടു നിന്നു. 75.91 ശതമാനം സ്ത്രീകളാണ് അടൂരില്‍ വോട്ടു ചെയ്തത്. കുറവ് തിരുവല്ലയിലാണ്. 68.46 ശതമാനം.
റാന്നി- 69.94, ആറന്മുള-71.29, കോന്നി- 74.21 എന്നിങ്ങനെയാണ് സ്ത്രീ പങ്കാളിത്തം. ആറന്മുളയില്‍ 85989 പേര്‍ സ്ത്രീകളും 74616 പേര്‍ പുരുഷന്മാരും ബൂത്തിലെത്തി. രണ്ടാം സ്ഥാനത്ത് അടൂര്‍ മണ്ഡലമാണ്. ഇവിടെ 154033 വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി, 83969 സ്ത്രീകളും 70064 പുരുഷന്മാരും. പോളിങ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കോന്നിയില്‍ 142526 പേര്‍ വോട്ടുചെയ്തു.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക്
അതീവ സുരക്ഷ
പത്തനംതിട്ട: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത് മൂന്നുതലത്തിലുള്ള അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടില്ലാത്ത ആരെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കടത്തിവിടില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഈ മേഖലയില്‍ കാല്‍നടയായി മാത്രമേ കടത്തി വിടുകയുള്ളു.
ഒരു കവാടത്തില്‍ കൂടിമാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പ്രധാന കവാടത്തില്‍ പരിശോധന നടത്തും. ഇവിടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കും. സ്‌ട്രോങ് റൂമില്‍ നിന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോട്ടിങ് യന്ത്രങ്ങള്‍ സുഗമവും സുരക്ഷിതവുമായി കൊണ്ടുവരുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും.
Next Story

RELATED STORIES

Share it