വോട്ടുരാഷ്ട്രീയക്കാര്‍ക്ക് വോട്ടില്ലെന്ന്;  സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്‌കരിച്ചു

കൊച്ചി: ദരിദ്ര- ദലിത് കുടുംബങ്ങളെ തെരുവിലേക്കു തള്ളുന്നതിന് മൗനാനുവാദം നല്‍കുന്ന വോട്ടുരാഷ്ട്രീയക്കാര്‍ക്ക് വോട്ടില്ലെന്നു പ്രഖ്യാപിച്ച് 21ഓളം കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ച് വോട്ടെടുപ്പ് ദിനത്തില്‍ കുത്തിയിരിപ്പു നടത്തി പ്രതിഷേധിച്ചു.
വായ്പാ തട്ടിപ്പിനിരയായ സര്‍ഫാസി ഇരകളാണ് വോട്ട് ബഹിഷ്‌കരിച്ച് എറണാകുളം ഹൈക്കോടതി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. വികസന വായ്ത്താരികള്‍ കുത്തിനിറച്ച പ്രകടനപത്രികകളല്ല, കിടപ്പാടങ്ങളില്‍ നിന്ന് തെരുവിലേക്കു തള്ളപ്പെടില്ലെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു വേണ്ടതെന്നാണ് ഇവരുടെ ആവശ്യം. വായ്പാ തട്ടിപ്പിനു വിധേയരായി ബാങ്കുകളുടെ സര്‍ഫാസി നിയമത്തെ തുടര്‍ന്ന് തെരുവിലെറിയപ്പെട്ട ദലിത് കുടുംബങ്ങള്‍ രണ്ടര വര്‍ഷത്തോളം സമരം ചെയ്ത് സര്‍ക്കാരിന്‍ നിന്നു നേടിയെടുത്ത അനുകൂല ഉത്തരവ് ഗവണ്‍മെ ന്റ് ഓര്‍ഡര്‍ ആക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയി ല്‍ എടുത്ത ഉത്തരവു പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വായ്പാ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മുഴുവന്‍ കേസുകളും ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. 2009 മുതല്‍ മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ ഇവര്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. രാവിലെ പത്തിനു തുടങ്ങിയ പ്രതിഷേധം കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി ഉദ്ഘാടനം ചെയ്തു. അഡ്വ. പി ജെ മാനുവല്‍, വി സി ജെന്നി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, ജെയ്‌സണ്‍ സി കൂപ്പര്‍, എ ബി പ്രശാന്ത്, ലിനറ്റ് ജെയ്‌സന്‍ ബാബു, പി ബി സതീഷ്, പി കെ വിജയന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it