വോട്ടുമറിക്കല്‍ ആരോപണവുമായി നേതാക്കള്‍

തിരുവനന്തപുരം: ജനവിധി അറിയാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കേ വോട്ട് മറിക്കല്‍ ആരോപണവുമായി നേതാക്കള്‍ രംഗത്ത്. അഴീക്കോട് മണ്ഡലത്തിലും ശക്തമായ ത്രികോണമല്‍സരം നടന്ന നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലുമാണ് പ്രധാനമായും വോട്ട് മറിക്കല്‍ ആരോപണമുള്ളത്.
അഴീക്കോട്ട് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിക്ക് വേണ്ടി ബിജെപി വോട്ടുമറിച്ചെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ് വോട്ടുകള്‍ ഷാജി വിലയ്ക്കുവാങ്ങുകയായിരുന്നു. ബൂത്തില്‍ ഏജന്റുമാരെ പോലും ഇരുത്താതെ ഇരുകൂട്ടരും ഒത്തുകളിച്ചു. ആര്‍എസ്എസിന്റെ അറിയപ്പെടുന്ന പ്രവര്‍ത്തകര്‍ പരസ്യമായി ഷാജിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചതായും ജയരാജന്‍ ആരോപിച്ചു.
എന്നാല്‍, ഉയര്‍ന്ന പോളിങ് ശതമാനം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും പലസ്ഥലങ്ങളിലും വോട്ട് മറിക്കല്‍ നടന്നത് അക്കൗണ്ട് തുറക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് ബിജെപി. വട്ടിയൂര്‍ക്കാവ്, നേമം നിയോജകമണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് മറിച്ചതായാണ് ബിജെപിയുടെ ആരോപണം. ഈ മണ്ഡലങ്ങളില്‍ വോട്ടുമറിക്കല്‍ പരസ്യമായിട്ടായിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രചാരണരംഗത്തും വോട്ടെടുപ്പു ദിവസവും ബിജെപിയെ തോല്‍പ്പിക്കുമെന്നായിരുന്നു എ കെ ആന്റണിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ചത്. ഇത് ബിജെപി ജയിക്കുന്നിടങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള ആഹ്വാനമായിരുന്നു. എന്‍ഡിഎക്ക് സാധ്യതയുള്ള മറ്റ് മണ്ഡലങ്ങളിലും ഇരുമുന്നണികളും സഹകരിച്ചതായി കുമ്മനം ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ നേമത്ത് യുഡിഎഫ് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ പറഞ്ഞു. നേമത്ത് യുഡിഎഫ് സുരേന്ദ്രന്‍പിള്ളയെ നിര്‍ത്തിയത് വോട്ട് മറിക്കാന്‍ വേണ്ടിയായിരുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ്സുകാരെ ബൂത്തില്‍ പോലും കണ്ടില്ലെന്നും രാജഗോപാല്‍ ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ ആരോപണം പരാജയഭീതിമൂലമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിയുടെ വിജയപ്രതീക്ഷ നേമം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നേമത്ത് ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായി ഏകീകരിച്ചെങ്കിലും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായെന്നാണ് വിലയിരുത്തല്‍. കുമ്മനം രാജശേഖരന്‍ മല്‍സരിച്ച വട്ടിയൂര്‍ക്കാവില്‍ അടിയൊഴുക്കുകള്‍ സംഭവിക്കാത്തതിനാല്‍ ബിജെപിക്ക് വിജയപ്രതീക്ഷയില്ല. ഭൂരിപക്ഷ വോട്ടര്‍മാരിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിച്ചതെങ്കിലും ഇതില്‍ നല്ലൊരു വിഭാഗവും കെ മുരളീധരനെയാണു പിന്തുണച്ചത്. സിപിഎമ്മിന്റെ പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി ടി എന്‍ സീമ നേടുകയും ചെയ്തു. ഇവിടെ ബിജെപിക്ക് വോട്ടുകള്‍ വര്‍ധിക്കുമെങ്കിലും വിജയിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, ശക്തമായ മല്‍സരം നടന്ന തൃപ്പൂണിത്തുറയില്‍ സിപിഎം- ബിജെപി കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി കെ ബാബു രംഗത്തെത്തി. താന്‍ തോല്‍ക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാവുകയാണെങ്കില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചിട്ടുണ്ടാവുമെന്ന് അദ്ദേഹം ആരോപിച്ചു. വടകരയില്‍ എല്‍ഡിഎഫിന് വേണ്ടി ബിജെപി വോട്ട് മറിച്ചെന്ന് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമ പറഞ്ഞു.
Next Story

RELATED STORIES

Share it