വോട്ടുതേടി സ്ഥാനാര്‍ഥികള്‍ കടലിനക്കരെ

സമീര്‍ കല്ലായി

മലപ്പുറം: തിരഞ്ഞെടുപ്പ് രംഗത്ത് വീറും വാശിയും കടുത്തതോടെ പ്രചാരണം കടലും കടന്നു. മലപ്പുറം ജില്ലയിലെ ഇടത് - വലത് മുന്നണികളിലെ പ്രമുഖ സ്ഥാനാര്‍ഥികളിപ്പോള്‍ ഗള്‍ഫ് പര്യടനത്തിലാണ്. പ്രവാസികളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിനൊപ്പം അടുത്ത അനുയായികളില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കാനും സ്ഥാനാര്‍ഥികള്‍ മറക്കുന്നില്ല.
കഴിയുമെങ്കില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തണമെന്നും പരമാവധി പേരെ എത്തിക്കണമെന്നും സ്ഥാനാര്‍ഥികള്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഇനി അഥവാ എത്താനായില്ലെങ്കില്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വോട്ട് പിടിച്ചുനല്‍കണമെന്നും അഭ്യര്‍ഥനയുണ്ട്. കെഎംസിസി, കേളി തുടങ്ങിയ സംഘടനകള്‍ ഇതിനകംതന്നെ തങ്ങളുടെ പാര്‍ട്ടിക്കാരെ വോട്ടിനെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലാപഞ്ചായത്ത് അംഗവും മങ്കട സിപിഎം സ്ഥാനാര്‍ഥിയുമായ അഡ്വ. ടി കെ റഷീദലി കഴിഞ്ഞ ദിവസം വോട്ട് തേടി അബൂദബിയിലായിരുന്നു.
മങ്കടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി എ അഹമ്മദ് കബീറിനു വേണ്ടി ലീഗ് പ്രവാസി സംഘടനകള്‍ സജീവമായി രംഗത്തെത്തിയതോടെയാണ് സിപിഎം സ്ഥാനാര്‍ഥി നേരിട്ടു പ്രവാസികളില്‍ സമ്മര്‍ദ്ദം ചെലുത്താനായി യുഎഇയില്‍ എത്തിയത്. ഏറനാട്ടെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പി കെ ബഷീറും കൊണ്ടോട്ടിയിലെ സ്ഥാനാര്‍ഥി ടി വി ഇബ്രാഹിമും ഇതിനകം ഗള്‍ഫ് പര്യടനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തി.
താനൂരിലെ ഇടത് സ്വതന്ത്രന്‍ വി അബ്ദുറഹിമാനും കോട്ടക്കലിലെ എന്‍സിപി സ്ഥാനാര്‍ഥി എന്‍ എ മുഹമ്മദ്കുട്ടിയും ഇപ്പോള്‍ ഗള്‍ഫ് പര്യടനത്തിലാണ.് ഇത്തവണ പ്രചാരണത്തിന് ഏറെ സമയം ലഭിച്ചതിനാല്‍ മറ്റു പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളും വരും ദിവസങ്ങളില്‍ ഗള്‍ഫില്‍ പര്യടനം നടത്താനിരിക്കുകയാണ്.
Next Story

RELATED STORIES

Share it