വോട്ടിന് പണം: തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ അധികാരം വേണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്കു പണം നല്‍കിയെന്നു ബോധ്യമായാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ അധികാരം വേണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ നിയമ കമ്മീഷന് കത്തെഴുതി.
കര്‍ണാടകയില്‍ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കാന്‍ പണം ആവശ്യപ്പെടുന്ന ഒളികാമറാ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ആവശ്യം. ഇതു സംബന്ധിച്ച് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രണ്ടു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 58 എ വകുപ്പില്‍ ഭേദഗതി വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ബൂത്ത് പിടിച്ചെടുക്കല്‍ നടന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനു തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാനോ റദ്ദാക്കാനോ അധികാരം നല്‍കുന്ന വകുപ്പാണിത്.
ഇതിലേക്കു പണം നല്‍കുന്നതു കൂടി വ്യവസ്ഥയായി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇതിനായി പ്രത്യേക ശുപാര്‍ശയും കമ്മീഷന്‍ തയ്യാറാക്കി. ഇതിനായി നിലവിലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുകയോ പുതിയ നിയമം നിര്‍മിക്കുകയോ ചെയ്യാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായതോടെ ബൂത്ത് പിടിച്ചെടുക്കല്‍ കുറഞ്ഞതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതാണ് പുതിയ പ്രശ്‌നം. 7.12 കോടി രൂപ, 429.24 ലിറ്റര്‍ മദ്യം, 9 ലക്ഷം വിലമതിക്കുന്ന 33.256 കിലോ വെള്ളി എന്നിവയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയ തമിഴ്‌നാട്ടിലെ അറവാകുറിച്ചി മണ്ഡലത്തില്‍ നിന്നു പിടിച്ചെടുത്തത്.
തഞ്ചാവൂര്‍ മണ്ഡലത്തില്‍ നിന്ന് 75,20,850 രൂപയും 2,145.12 ലിറ്റര്‍ മദ്യവും ഒരു ലക്ഷം സാരിയും ദോത്തിയും പിടിച്ചെടുത്തു. അതോടൊപ്പം എഐഎഡിഎംകെ സ്ഥാനാര്‍ഥി 50 ലക്ഷത്തോളം രൂപ ഗ്രാമവാസികള്‍ക്ക് വിതരണം ചെയ്യാനും പ്രാദേശിക ക്ഷേത്രം നവീകരിക്കാനുമായി ചിലവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ 324 വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ച് കമ്മീഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.
എപ്പോഴും ഈ പ്രത്യേക അധികാരം ഉപയോഗിക്കാതെ തന്നെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ അനുമതി വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഇക്കാര്യത്തില്‍ നടപടി വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it