വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ മൂന്നുനാള്‍ കൂടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ മൂന്നുദിനം കൂടി. 19വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കൂ. നിയമപ്രകാരം 29വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെങ്കിലും ഏഴു ദിവസത്തെ നോട്ടിസ് കാലാവധിയുണ്ട്. പട്ടിക അച്ചടിക്കാന്‍ ഒരു ദിവസം എടുക്കും. ഈ സാഹചര്യത്തില്‍ 19 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തൂ. തുടര്‍ന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തടസ്സമില്ലെങ്കിലും ഇത്തവണ വോട്ട് ചെയ്യാന്‍ കഴിയില്ല.
തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കിലും പട്ടികയില്‍ പേരില്ലെങ്കില്‍ വോട്ട് ചെയ്യാനാവില്ല. കാര്‍ഡ് ഉള്ളവര്‍ മൊബൈലില്‍നിന്ന് 54242 എന്ന നമ്പറിലേക്ക് ഋഘഋ എന്നടിച്ച് സ്‌പേസ് ഇട്ടശേഷം വോട്ടേഴ്‌സ് ഐഡി കാര്‍ഡ് നമ്പര്‍ അടിച്ചാല്‍ നിങ്ങളുടെ വോട്ട് സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി ലഭിക്കും. ഐഡി കാര്‍ഡ് ഉണ്ടായിട്ടും പട്ടികയില്‍ പേരില്ലെങ്കില്‍ പേരുചേര്‍ക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി 19നു മുമ്പായി അപേക്ഷിക്കണം.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവരുടെ എണ്ണം 5.10 ലക്ഷം കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 5,10,869 പേര്‍ ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകര്‍- 60,551. കോഴിക്കോട്- 58,974, എറണാകുളം-56,671 ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. മൂന്ന് മണ്ഡലങ്ങളുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകര്‍- 9483. മലപ്പുറം ജില്ലയിലെ താനൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍- 10,800. മലപ്പുറം മണ്ഡലത്തിലാണ് ഏറ്റവും കുറവ് അപേക്ഷകര്‍- 1518. സംസ്ഥാനത്താകെ ഇതുവരെ 6550 പ്രവാസികളും അപേക്ഷിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 12 മണിവരെ അപേക്ഷിക്കുന്നവര്‍ക്കേ ഈ തിരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാന്‍ കഴിയൂ. ജനുവരി 15 മുതലാണ് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമൊരുക്കിയത്. നിലവിലെ പട്ടികപ്രകാരം സംസ്ഥാനത്ത് 2.56 കോടി വോട്ടര്‍മാരുണ്ട്.
Next Story

RELATED STORIES

Share it