വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; അവസാന ദിവസം ലഭിച്ചത് 31,472 അപേക്ഷകള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും മണ്ഡലം മാറുന്നതിനുമായി അനുവദിച്ചിരുന്ന ഓണ്‍ലൈന്‍ സൗകര്യ സമയപരിധി അവസാനിച്ചു. ഇന്നലെ 34,242 വോട്ടര്‍മാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഇതില്‍ 31,472 എണ്ണം പേര്‍ ചേര്‍ക്കുന്നതിനും 195 എണ്ണം തെറ്റുകള്‍ തിരുത്തുന്നതിനും 2,575 എണ്ണം നിയോജകമണ്ഡലം മാറുന്നതിനുമുള്ള അപേക്ഷയായിരുന്നു. ചട്ടപ്രകാരമുള്ള നേര്‍വിചാരണയ്ക്കുശേഷം ഈ അപേക്ഷകളില്‍ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ തീരുമാനമെടുക്കും. പേരുചേര്‍ക്കുന്നതിനും തിരുത്തുന്നതിനും നിയമപ്രകാരം വോട്ടര്‍മാര്‍ക്ക് അനുവദിക്കാന്‍ കഴിയുന്ന അവസാന അവസരമായിരുന്നു ഇന്നലെ. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും പൊതുതാല്‍പ്പര്യാര്‍ഥം കഴിഞ്ഞമാസം 23 മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സൗകര്യം വീണ്ടും ലഭ്യമാക്കിയിരുന്നു.

മൊത്തം 3,57,610 അപേക്ഷകളാണ് പുതുതായി ലഭിച്ചത്. ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍. ഏറ്റവും കുറവ് വയനാട്ടിലാണ്. വോട്ടര്‍ പട്ടികയിലുള്ള മൊത്തം 2,49,88,498 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,29,81,301 പേര്‍ സ്ത്രീകളും 1,20,07,115 പേര്‍ പുരുഷന്‍മാരും 82 പേര്‍ ഭിന്നലിംഗക്കാരുമാണ്.

മലപ്പുറത്തെ 28,76,835 വോട്ടര്‍മാരില്‍ 14,64,309 പേര്‍ സ്ത്രീകളും 14,12,517 പേര്‍ പുരുഷന്‍മാരും ഒമ്പതുപേര്‍ ഭിന്നലിംഗക്കാരുമാണ്. വയനാട്ടിലെ 5,71,392 വോട്ടര്‍മാരില്‍ 2,90,167 പേര്‍ സ്ത്രീകളും 2,81,224 പേര്‍ പുരുഷന്‍മാരും ഒരാള്‍ ഭിന്നലിംഗത്തിലും ഉള്‍പ്പെടുന്നു. അതേസമയം, സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ വനിതാ സംവരണം ചെയ്തു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്‌ടോബര്‍ ഒന്നിനു പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ മൂന്നു സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭേദഗതി അനുസരിച്ച് തിരുവനന്തപുരം മംഗലപുരത്തിന് പകരം അണ്ടൂര്‍ക്കോണവും ആലപ്പുഴ ചുനക്കരയ്ക്കു പകരം ചെട്ടിക്കുളങ്ങരയും കാസര്‍കോഡ് ബെള്ളൂരിനു പകരം ചെങ്ങളയും ഗ്രാമപ്പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തു.
Next Story

RELATED STORIES

Share it