malappuram local

വോട്ടര്‍ പട്ടികയില്‍ നേരത്തേ പേര് ചേര്‍ക്കണം: റോള്‍ ഒബ്‌സര്‍വര്‍

മലപ്പുറം: നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെയാണെന്നും അവസാന നിമിഷം പേര് ചേര്‍ക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതും നേരത്തെ പേര് ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റോള്‍ ഒബ്‌സര്‍വര്‍ ഡോ.എം ബീന അറിയിച്ചു.
ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2016 ജനുവരി ഒന്നിന് 18 വയസ്സ് തികയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരും നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം. പരമാവധി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനു വേണ്ട നടപടികള്‍ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ കൂടിയായി തഹസില്‍ദാര്‍മാര്‍ സ്വീകരിക്കണമെന്ന് റോള്‍ ഒബ്‌സര്‍വര്‍ അറിയിച്ചു. കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പട്ടിക വര്‍ഗ കോളനികളും കേന്ദ്രീകരിച്ച് പ്രത്യേക കാംപയിന്‍ നടത്താന്‍ റോള്‍ ഒബ്‌സര്‍വര്‍ നിര്‍ദേശിച്ചു. പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന വോട്ടര്‍മാര്‍ വോട്ടര്‍ കാര്‍ഡിന് പ്രത്യേക ഫീ നല്‍കേണ്ടതില്ല. എന്നാല്‍ നിലവില്‍ കാര്‍ഡുള്ളവര്‍ പുതിയ കാര്‍ഡിനായി ബൂത്ത് ലവല്‍ ഓഫീസര്‍മാരുടെ പക്കല്‍ 10 രൂപ ഫീസ് അടക്കണമെന്നും റോള്‍ ഒബ്‌സര്‍വര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ഡപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, തഹസില്‍ദാര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it