Kottayam Local

വോട്ടര്‍ ഐഡി കാര്‍ഡില്‍ നിന്ന് ഈരാറ്റു പേട്ടയെ ഒഴിവാക്കി

ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകര്‍ക്ക് നല്‍കുന്ന കളര്‍ഫോട്ടോ പതിച്ച പുതിയ തിരിച്ചറിയില്‍ കാര്‍ഡില്‍ പ്രധാന സ്ഥലനാമമായ ഈരാറ്റുപേട്ടയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാവുന്നു. ഈരാറ്റുപേട്ടയ്ക്കു പകരം പോസ്റ്റ് ഓഫിസിന്റെ പേരായ അരുവിത്തുറ എന്നു മാത്രം രേഖപ്പെടുത്തി ഐഡി കാര്‍ഡുകളാണ് ബിഎല്‍ഒ മാര്‍ വിതരണം ചെയ്തിരിക്കുന്നത്.
ഈരാറ്റുപേട്ട നഗരസഭയിലെ എട്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തെക്കേക്കര മേഖലയില്‍ വിതരണം ചെയ്ത കാര്‍ഡുകളിലാണ് ഈരാറ്റുപേട്ടയെ ഒഴിവാക്കിയിരിക്കുന്നത്. ഐഡി കാര്‍ഡുമായി ബിഎല്‍ഒ മാര്‍ വീടുകളില്‍ എത്തുമ്പോള്‍ കൈപ്പറ്റാതെ തിരിച്ചു നല്‍കുകയാണ് വോട്ടര്‍മാര്‍. മുമ്പ് 2012 മെയ് 31 ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആധാര്‍ രജിസ്റ്റേഷനിലും ഈരാറ്റുപേട്ടയ്ക്ക് പകരം അരുവിത്തുറ, അരുവിത്തുറ സൗത്ത് എന്നാക്കിയ നടപടിയ്ക്ക് എതിരെ നാട്ടുകാര്‍ ഒന്നടങ്കം ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.
പ്രതിഷേധം വ്യാപകമായി ഒടുവില്‍ സംഘര്‍ഷം ആയപ്പോള്‍ കലക്ടര്‍ ഇടപെട്ട് ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെയ്ക്കുകയും പിന്നീട് ഈരാറ്റുപേട്ട എന്നു ചേര്‍ത്ത് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തി. സര്‍ക്കാര്‍ ആധികാരിക രേഖയായി നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയില്‍ പ്രധാന സ്ഥലനാമമായ ഈരാറ്റുപേട്ടയെ ഒഴിവാക്കി പകരം അരുവിത്തുറ എന്നു മാത്രമാക്കി മാറ്റുന്നതില്‍ ചില തല്‍പര കക്ഷികള്‍ക്ക് നിഗൂഢതാല്‍പര്യമുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം ആസൂത്രിത നീക്കങ്ങള്‍ക്ക് എതിരെ മഹല്‍ ജമാ അത്തിന്റെ നേതൃത്വത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തിരുമാനിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ടയെ ഒഴിവാക്കിയുള്ള സ്ഥലനാമം ഉണ്ടാവില്ലെന്നും ഇതു സംബന്ധിച്ച് തിരുവനന്തപുരം ഹെഡ്‌പോസ്‌റ്റോഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തില്‍ മുഴുവന്‍ ജനപ്രതിനിധികളേയും സംയുക്തയോഗം വിളിച്ചചേര്‍ക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു.
Next Story

RELATED STORIES

Share it