Alappuzha local

വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കിയാല്‍ നടപടി

ആലപ്പുഴ: സ്ഥാനാര്‍ഥികളും വിവിധ രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ച് ജനാധിപത്യ പ്രകിയ വിജയകരമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു.
വോട്ടര്‍മാര്‍ക്ക് പണം, മദ്യം, മയക്കുമരുന്ന്, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. പോളിങ് സ്‌റ്റേഷനുകളില്‍ ആള്‍ക്കൂട്ടവും ഭക്ഷണ വിതരണവും പാടില്ല. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനിലെത്തിക്കാന്‍ നേരിട്ടോ അല്ലാതെയോ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
പോളിങ് ബൂത്തില്‍ അംഗപരിമിതര്‍ക്കായി റാംപ്, വോട്ടര്‍മാര്‍ക്ക് കുടിവെള്ളം എന്നീ സൗകര്യങ്ങളുണ്ട്. പോളിങ് ബൂത്തുകളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത്/നഗരസഭാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് തുക അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ 4891 പോലിസുകരെയും 658 സ്‌പെഷല്‍ പോലിസുകാരെയും ഒരു കമ്പിനി കര്‍ണാടക പോലിസിനെയും ക്രമസമാധാന പാലനത്തിന് നിയോഗിച്ചിട്ടുണ്ട്. 20 അതീവ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. 146 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വീഡിയോഗ്രഫി സൗകര്യം ഏര്‍പ്പെടുത്തും. നവംബര്‍ ഏഴാം തിയ്യതിയാണ് വോട്ടെണ്ണല്‍. 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 18 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്.
തിരഞ്ഞെടുപ്പ് ജോലിക്ക് 9008 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1003 ഉദ്യോഗസ്ഥരെ റിസര്‍വ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മൊത്തം 10011 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 2252 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ഗ്രാമപ്പഞ്ചായത്തില്‍ 1984 ഉം നഗരസഭയില്‍ 268 എണ്ണവുമുണ്ട്.
Next Story

RELATED STORIES

Share it