malappuram local

വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടറുടെ അഭിനന്ദനം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ നന്ദി പറഞ്ഞു. പോളിങ് തടസ്സപ്പെട്ട ബൂത്തുകള്‍ സംബന്ധിച്ച് ഘട്ടം ഘട്ടമായുള്ള (പീസ്മീല്‍) റിപോര്‍ട്ട് നല്‍കരുതെന്നും ഏകീകരിച്ച (കണ്‍സോളിഡേറ്റഡ്) റിപോര്‍ട്ട് തന്നെ നല്‍കണമെന്നുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരത്തെയുള്ള നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് റിപോര്‍ട്ട് സമാഹരിച്ചത്.
റിട്ടേണിങ് ഓഫിസര്‍മാരില്‍ നിന്നും വിശദമായ റിപേര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമാണ് റീപോളിങ് നടത്തേണ്ട ബൂത്തുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു പ്രശ്‌നമോ പരാതിയോ ഉണ്ടായില്ല.
വോട്ടിങ് യന്ത്രങ്ങള്‍ കേട് വന്ന് പോളിങ് തടസ്സപ്പെട്ടിട്ടും ശാന്തവും സംഘര്‍ഷരഹിതവുമായി വോട്ട് രേഖപ്പെടുത്തി ജില്ലയിലെ വോട്ടര്‍മാര്‍ ജനാധിപത്യ സംരക്ഷണ പ്രക്രിയയില്‍ പങ്കാളിയായി. അതുകൊണ്ട് തന്നെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഒരു കേസും ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
വോട്ടിങ് യന്ത്രങ്ങള്‍ കേടായത് മൂലം താത്കാലികമായുണ്ടായ പ്രതിസന്ധി ഘട്ടം അതിജീവിക്കാന്‍ എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ കര്‍മനിരതരായി പ്രവര്‍ത്തിച്ചു. ഒരൊറ്റ രാത്രികൊണ്ട് കുറ്റമറ്റ രീതിയില്‍ റീപോളിങിനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനും വാര്‍ത്തകള്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്യുന്നതിനും ജില്ലാ ഭരണകാര്യാലയത്തിനൊപ്പം നിന്ന ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കലക്ടര്‍ നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it