malappuram local

വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന; 63 പോളിങ് ബൂത്തുകള്‍ കൂടും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയിലെ പോളിങ് ബൂത്തുകളുടെ എണ്ണത്തിലും വര്‍ധന. 14 നിയോജക മണ്ഡലങ്ങളിലായി 63 ബൂത്തുകളാണ് വര്‍ധിക്കുന്നത്. ഇതോടെ ജില്ലയിലെ മൊത്തം പോളിങ് സ്റ്റേഷനുകളുടെ എണ്ണം 2,361 ആയി. നിലവില്‍ 2,298 ബൂത്തുകളാണുള്ളത്.
അന്തിമ പട്ടികയില്‍ 1,750ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളിലാണ് വോട്ടര്‍മാരെ പകുതിയായി വിഭജിച്ച് ഒരു ഓക്‌സിലറി ബൂത്ത് കൂടി അനുവദിക്കുക. 63 ബൂത്തുകളിലാണ് 1,750 ലധികം വോട്ടര്‍മാരുള്ളതായി കണ്ടെത്തിയത്. 28 ബൂത്തുകളില്‍ 1,800 ലധികം വോട്ടര്‍മാരുണ്ട്. ജനറല്‍ ബൂത്തിനോട് ചേര്‍ന്നുള്ള ഓക്‌സിലറി ബൂത്തില്‍ വെവേറെ വോട്ടിങ് യന്ത്രങ്ങളും പോളിങ് ഉദ്യോഗസ്ഥരും ഉണ്ടാവും. ഇതോടെ ജില്ലയില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ്- സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടാവും. താനൂര്‍ നിയോജക മണ്ഡലത്തില്‍ 17 ഉം തവനൂരില്‍ 10 ഉം തിരൂരില്‍ എട്ടും പൊന്നാനിയില്‍ ഏഴും ബൂത്തുകള്‍ വര്‍ധിക്കും. ഏറനാട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ നാലും നിലമ്പൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ മൂന്നും മങ്കടയില്‍ രണ്ടും കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ഒന്നു വീതവും ഓക്‌സിലറി ബൂത്തുകളുണ്ടാവും. ഓരോ മണ്ഡലത്തിലും വിഭജിക്കുന്ന പോളിങ് ബൂത്തുകളുടെ നമ്പര്‍: കൊണ്ടോട്ടി- 78, ഏറനാട്- 28, 60, 81, 100, നിലമ്പൂര്‍- 48, 57, 83, മഞ്ചേരി- 101, പെരിന്തല്‍മണ്ണ- 143, മങ്കട- 52, 57, മലപ്പുറം- 34, വള്ളിക്കുന്ന്- 25, തിരൂരങ്ങാടി- 31, 102, 114, താനൂര്‍- 1, 9, 15, 16, 67, 68, 69, 70, 71, 72, 73, 74, 75, 76, 77, 79, 91, തിരൂര്‍- 7, 24, 29, 32, 95, 97, 98, 103, കോട്ടക്കല്‍- 48, 50, 99, 103, തവനൂര്‍- 29, 48, 56, 57, 87, 96, 117, 118, 126, 127, പൊന്നാനി- 12, 17, 37, 42, 98, 109, 121.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട നിയമന ഉത്തരവുകള്‍ കൈപ്പറ്റുന്നതിനായി ഇന്നുമുതല്‍ ഉത്തരവ് കൈപ്പറ്റുന്നത് വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും തുറന്നിരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു.
ഉത്തരവ് കൈപ്പറ്റാത്ത ഓഫിസ് മേധാവികള്‍ ഞായറാഴ്ചയും തുറക്കണം. ഒന്നാംഘട്ടത്തില്‍ നിയമന ഉത്തരവ് ലഭിക്കാത്ത ഓഫിസുകളും തുറന്നിരിക്കണമെന്നും പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം ഉണ്ടാവുമെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it