malappuram local

വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കല്‍; കൂടുതല്‍ അപേക്ഷകര്‍ താനൂര്‍ മണ്ഡലത്തില്‍

മലപ്പുറം: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം 19ന് അവസാനിച്ചപ്പോള്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് താനൂര്‍ നിയോജക മണ്ഡലത്തില്‍. 15,452 അപേക്ഷകളാണ് താനൂരില്‍ നിന്ന് ലഭിച്ചത്.
ജില്ലയില്‍ 1,13,494 അപേക്ഷകളാണ് ആകെ ലഭിച്ചത്. അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തി താലൂക്കിലേക്ക് കൈമാറുകയും ഇവിടെ നിന്ന് തഹസില്‍ദാര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 14ന് ജില്ലയിലെ നിലവിലുള്ള വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അവരോടൊപ്പം പുതിയ അപേക്ഷകരെ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന അന്തിമ വോട്ടര്‍പ്പട്ടിക ഏപ്രില്‍ അവസാനം പ്രസിദ്ധീകരിക്കും. വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി ലഭിച്ച അപേക്ഷകളില്‍ രണ്ടാം സ്ഥാനത്തുള്ള പൊന്നാനി മണ്ഡലത്തില്‍ 12,108 അപേക്ഷകള്‍ ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള തിരൂരില്‍ നിന്നു 8,423 അപേക്ഷകള്‍ ലഭിച്ചു.
കൊണ്ടോട്ടി- 6,879, ഏറനാട്-4,240, നിലമ്പൂര്‍- 7,047, വണ്ടൂര്‍-4,292, മഞ്ചേരി- 3,766, പെരിന്തല്‍മണ്ണ- 7,978, മലപ്പുറം - 3,907, മങ്കട - 6,397, വേങ്ങര - 5,586, വള്ളിക്കുന്ന് - 5,484, തിരൂരങ്ങാടി- 7,710, കോട്ടക്കല്‍-6,025, തവനൂര്‍ - 8,200 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തില്‍ നിന്നു ലഭിച്ച അപേക്ഷകള്‍. ജനുവരി 14ന് പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ച് ജില്ലയില്‍ 29,84,600 വോട്ടര്‍മാരാണുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം, ചിഹ്നം അനുവദിക്കല്‍ തുടങ്ങിയവയെക്കുറിച്ച് പരിശീലനം നല്‍കി.
പരിശീലന പരിപാടി ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി ഉദ്ഘാടനം ചെയ്തു. കെ പി അന്‍സു ബാബു ക്ലാസിന് നേതൃത്വം നല്‍കി. 22ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതു മുതല്‍ 29 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.
Next Story

RELATED STORIES

Share it