malappuram local

വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയ തുടങ്ങി

മലപ്പുറം: അംഗപരിമിതരായ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം ജില്ലയിലെ റാംപുകളില്ലാത്ത 830 പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. എല്ലാ പോളിങ് സ്റ്റേഷനുകളിലും റാംപ് സൗകര്യം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 2,290 പേളിങ് സ്റ്റേഷനുകളില്‍ 830 എണ്ണത്തിലാണ് പുതുതായി റാംപ് സൗകര്യം ഏര്‍പ്പെടുത്തേണ്ടത്.
മരണപ്പെട്ടവരെയും ആവര്‍ത്തിക്കപ്പെട്ടവരെയും ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ഫെബ്രുവരി 15 മുതല്‍ തുടങ്ങിയ പ്രത്യേക ശുദ്ധീകരണ പരിപാടി 29 വരെ തുടരും. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് പോളിങ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പട്ടികയിലെ ഇരട്ടിപ്പും മരണപ്പെട്ടവരെയും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക. ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കുന്നതിനുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ബിഎല്‍ഒമാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കുമാണ് നല്‍കേണ്ടത്. വീടുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ബിഎല്‍ഒമാരോടപ്പം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരും ഉണ്ടാവണം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ കുറ്റമറ്റതാവണം. പൂര്‍ണമായി പൂരിപ്പിക്കാത്തതും അപേക്ഷകന്‍ ഒപ്പുവയ്ക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കും. യോഗത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി ലതിക, ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍ പങ്കെടുത്തു. യോഗത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനായി ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് മോക്ക് പോളിങ് നടത്തി.
Next Story

RELATED STORIES

Share it