വൈശാഖ് ഇനി അഞ്ചുപേരില്‍ ജീവിക്കും

ആലപ്പുഴ: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ ബീച്ച് വാര്‍ഡില്‍ വാടക്കല്‍ വെളിംപറമ്പില്‍ സുദര്‍ശനന്റെ മകന്‍ വൈശാഖ്(21) ഇനി അഞ്ച്‌പേരിലൂടെ ജീവിക്കും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈശാഖിന്റെ മസ്തിഷ്‌ക മരണം വെള്ളിയാഴ്ചയാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. വൈശാഖിന്റെ അവയവങ്ങള്‍ ദാനം നല്കാന്‍ മാതാവ് സുജാതയും ഏക സഹോദരി ഹരിതയും തയ്യാറാവുകയായിരുന്നു. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വല്ലാര്‍പാടം സ്വദേശി ജോസഫ് റോണിക്കും വൃക്കകളില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള എരഞ്ഞിപ്പാലം സ്വദേശി അഖിലയ്ക്കും മറ്റൊന്ന് ലേക്‌ഷോര്‍ ആശുപത്രിയിലുള്ള തൃശൂര്‍ ചിറയിന്‍കാട് സ്വദേശി സുഹൈബിനും നല്‍കി. കരള്‍ ലേക്‌ഷോറില്‍തന്നെ ചികിത്സയിലുള്ള കോട്ടയം മുണ്ടക്കയം സ്വദേശി മുഹമ്മദ് സലീമിനും ഇരുകണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിക്കുമാ—ണ് നല്കിയത്.
കഴിഞ്ഞ 19നു അമ്പലപ്പുഴയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ വിവാഹച്ചടങ്ങിനു പോവുമ്പോള്‍ മന്നം ജങ്ഷനില്‍ വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വൈശാഖിന് പരിക്കേറ്റത.് വൈശാഖിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന ബീച്ച് വാര്‍ഡ് കാക്കിരിയില്‍ ജയിംസിന്റെ മകന്‍ ഡേവിസ്(24) അപകടത്തില്‍ തത്ക്ഷണം മരിച്ചിരുന്നു. നിര്‍ധന മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ വൈശാഖിന്റെ പിതാവ് 15 വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചതിനെ തുടര്‍ന്ന് അമ്മ സുജാത കൂലിവേല ചെയ്താണ് മകളെയും മകനെയും വളര്‍ത്തിയത്. വൈശാഖിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it