Idukki local

വൈദ്യുതി മോഷണം വ്യാപകം; കഴിഞ്ഞ മാസം നാലു ലക്ഷം പിഴ ഈടാക്കി

തൊടുപുഴ: വൈദ്യുതി ക്രമക്കേടുകളെ കുറിച്ചുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
കഴിഞ്ഞ മാസം വൈദ്യുതി മോഷണക്കേസില്‍ നാലു ലക്ഷം രൂപയാണ് കെഎസ്ഇബി പിഴ ഈടാക്കിയത്. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്.
273 കേസുകളില്‍ നിന്നായി 32 ക്രമക്കേടുകളാണു കണ്ടെത്തിയത്. മൂന്നു വൈദ്യുത മോഷണക്കേസുകളും റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ 196 പരിശോധനകള്‍ നടത്തിയതില്‍ 31 ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതില്‍ ഒരു വൈദ്യുതി മോഷണക്കേസും ഉള്‍പ്പെടും. ഇവയില്‍ പിഴയായി 88,985 രൂപയാണ് ബോര്‍ഡ് വിധിച്ചത്. ഫെബ്രുവരിയില്‍ മാത്രം മൊത്തം 22.45 ലക്ഷം രൂപയാണ് വിവിധ ക്രമക്കേടുകള്‍ക്കു പിഴയായി ബോര്‍ഡ് നല്‍കിയത്. കഴിഞ്ഞ മാസങ്ങളിലേത് ഉള്‍പ്പെടെ ഫെബ്രുവരിയില്‍ ബോര്‍ഡിന് 20 ലക്ഷത്തിലധികം രൂപ പിഴയായി പിരിഞ്ഞുകിട്ടുകയും ചെയ്തു.
ക്രമക്കേടുകള്‍ക്കെല്ലാം കൂടി 26.66 ലക്ഷം രൂപയാണ് ഈടാക്കിയത്. മോഷണം പെരുകുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വേനല്‍ രൂക്ഷമായതോടെ വൈദ്യുതോല്‍പാദനം കഴിഞ്ഞ ദിവസം മൂലമറ്റം പവര്‍ഹൗസില്‍ 9.25ല്‍ നിന്ന് 11.455 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തിയിരുന്നു.
താരിഫ് വെട്ടിച്ചുള്ള വൈദ്യുതി ചൂഷണം, തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും ജലസേചനത്തിനായി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് വൈദ്യുതി ഉപയോഗിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിട്ടുണ്ട്. വൈദ്യുതി മോഷണം അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് എന്നിവയ്ക്ക് കണക്ഷന്‍ ലോഡിന്റെ ഇരട്ടിയിലധികം തുക മണിക്കൂറുകളുടെ അടിസ്ഥാനത്തില്‍ പിഴയായി ഈടാക്കാനാണു തീരുമാനം.
പിടിക്കപ്പെടുന്ന ഒരാളുടെ പക്കല്‍ നിന്ന് വൈദ്യുതി എടുക്കുന്ന സ്ഥലത്തിന്റെ കണക്ഷന്‍ ലോഡ് തിട്ടപ്പെടുത്തിയ ശേഷം അതിന്റെ രണ്ടരയിരട്ടി തുക പിഴയായി വിധിക്കും. 24 മണിക്കൂര്‍ കണക്കാണ് ഇതിന് ആധാരമായി എടുക്കുന്നത്.
മണിക്കൂറുകളുടെ അടിസ്ഥാനത്തിലാണ് തുക ഈടാക്കുന്നത്. പിഴത്തുക അടച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റമാണ്. ജാമ്യ മില്ലാ വകുപ്പു ചുമത്തി ശിക്ഷിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it