Pathanamthitta local

വൈദ്യുതി മുടങ്ങാതിരിക്കാനും വഴിവിളക്ക് പ്രകാശിപ്പിക്കുന്നതിനും നിര്‍ദേശം

പന്തളം: ശബരിമല തീര്‍ഥാടന കാലത്ത് പന്തളത്ത് വൈദ്യുതി മുടങ്ങാതിരിക്കുന്നതിനും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ കെഎസ്ഇബിക്ക് ലിമിറ്റഡിന് നിര്‍ദേശം നല്‍കി. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്തെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പന്തളത്തു നിന്നു പമ്പയിലേക്ക് കെഎസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്തും. അഞ്ചു ബസ്സുകളാണ് സര്‍വീസിനായി സജ്ജമാക്കിയിട്ടുള്ളത്. പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ശൗചാലയം 16ന് തുറന്നു നല്‍കും. പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോലിസുകാരെ തീര്‍ഥാടനകാലത്ത് വിന്യസിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര പരിസരത്തെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്ലാന്റ് സ്ഥാപിക്കണം. നായ ശല്യം പരിഹരിക്കുന്നതിന് പന്തളം നഗരസഭയും മൃഗസംരക്ഷണ വകുപ്പും നടപടിയെടുക്കണം.
ശുചീകരണത്തിനായി 16 മുതല്‍ പന്തളത്ത് 25 പേരെയും കുളനടയില്‍ 10 പേരെയും നിയോഗിക്കും. പന്തളം വലിയകോയിക്കല്‍ ക്ഷേത്ര പരിസരത്ത് ആരോഗ്യവകുപ്പിന്റെ താല്‍ക്കാലിക ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിക്കുന്നതിന് നടപടിയായി. ഡോക്ടര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം രാവിലെ എട്ടു മുതല്‍ രാത്രി നട അടയ്ക്കുന്നതു വരെ ലഭിക്കും. ഇതോടനുബന്ധിച്ച് ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാക്കും. ഹോട്ടല്‍ ജീവനക്കാര്‍ക്ക് രക്ത പരിശോധനയ്ക്കു ശേഷം ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും.
മാലിന്യം നീക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പന്തളം നഗരസഭ, ദേവസ്വം ബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവ പ്രത്യേക നടപടികള്‍ സ്വീകരിക്കും. ആയുര്‍വേദ വകുപ്പിന്റെ പ്രത്യേക ഒപി വിഭാഗത്തിന്റെ സേവനം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലു വരെ ലഭ്യമാവും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര പരിസരത്ത് 16 ഉം കുളനടയില്‍ രണ്ടും താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിച്ചു.
വഴിയിലേക്ക് ഇറക്കി താല്‍ക്കാലിക കടകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല. യാചക നിരോധനം ഉറപ്പാക്കും. എംസി റോഡില്‍ പന്തളം -ചെങ്ങന്നൂര്‍ മേഖലയില്‍ ഗതാഗത നിരീക്ഷണത്തിനായി പ്രത്യേക ട്രാഫിക് ഇന്റര്‍സെപ്ടര്‍ വാഹനം വിന്യസിക്കും.
ജില്ലാ പോലിസ് മേധാവി ടി. നാരായണന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഇന്റര്‍സെപ്ടര്‍ വാഹനം അനുവദിക്കുകയായിരുന്നു.
വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഭക്ഷണ ശാലകള്‍ക്കെതിരേ നടപടിയെടുക്കും. ഫയര്‍ഫോഴ്‌സിന്റെ 20 പേര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര പരിസരത്ത് വിന്യസിക്കും. ഫയര്‍ എന്‍ജിന്‍, ഡിങ്കി, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ടീം.
നീന്തല്‍ പരിശീലനം നേടിയവരെ കടവുകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജരാക്കി നിയോഗിക്കുന്ന കാര്യം പന്തളം നഗരസഭ പരിഗണിക്കും. കുളനട അമിനിറ്റി സെന്ററിലെ മുറികളും ശൗചാലയവും പാര്‍ക്കിങ് സ്ഥലവും ഗ്രാമപ്പഞ്ചായത്ത് മുഖേന തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കും.
അടൂര്‍ ആര്‍ഡിഒ ആര്‍ രഘു, പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ കെ ആര്‍ രവി, അഡ്വ.കെ എസ് ശിവകുമാര്‍, ലസിത നായര്‍, കുളനട ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സതി എം നായര്‍, അശോകന്‍ കുളനട, എ ആര്‍ ക്യാംപ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി കെ അനില്‍കുമാര്‍, അടൂര്‍ തഹസീല്‍ദാര്‍ ജി രാജു, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എ ബാബു, കൊട്ടാരം നിര്‍വാഹക സംഘം കമ്മിറ്റി അംഗം രാഘവ വര്‍മ്മ രാജ, അയ്യപ്പ സേവാസംഘം പന്തളം ശാഖാ സെക്രട്ടറി നരേന്ദ്രന്‍ നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it