വൈദ്യുതി ബോര്‍ഡില്‍  854 തസ്തികകള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതിബോര്‍ഡില്‍ 854 തസ്തികകള്‍ വെട്ടിച്ചുരുക്കി. സീനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സിവില്‍ തുടങ്ങിയ തസ്തികകളാണ് വെട്ടിക്കുറച്ചത്. വൈദ്യുതി ബോര്‍ഡ് കമ്പനിയായതിനുശേഷമുള്ള ആദ്യത്തെ വലിയ തസ്തിക വെട്ടിച്ചുരുക്കലാണ് നടന്നിരിക്കുന്നത്. മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് ഒഴിവാക്കിയതില്‍ ഏറെയും.
750 സീനിയര്‍ അസിസ്റ്റന്റ്, 62 സീനിയര്‍ സൂപ്രണ്ട്, 42 അസിസ്റ്റന്റ് എന്‍ജിനീയര്‍ സിവില്‍ എന്നിങ്ങനെ 854 തസ്തികകളില്‍ ഇനി ജോലിക്ക് ആളെ വേണ്ടെന്നാണ് ബോര്‍ഡിന്റെ നിലപാട്. 82 പുതിയ വൈദ്യുതി സെക്ഷന്‍ ഓഫിസുകള്‍ക്ക് അനുമതി നല്‍കിയിട്ടും മിനിസ്റ്റീരിയല്‍ മേഖലയില്‍ തസ്തികകള്‍ കൂട്ടുന്നതിനു പകരം കുറയ്ക്കുകയാണ് ചെയ്തത്. തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ തന്നെ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സീനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവി ല്‍) തുടങ്ങിയ വെട്ടിക്കുറച്ച തസ്തികകള്‍ക്കു പകരം ഇവയുടെ അടിസ്ഥാനശമ്പളം കണക്കാക്കി അതിന് ആനുപാതികമായ സബ് എന്‍ജിനീയര്‍-246, ഓവര്‍സിയര്‍- 180, ലൈന്‍മാന്‍-360, വര്‍ക്കര്‍-180 തസ്തികകളാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.
പുതിയ തസ്തിക ക്രമീകരണം അപ്രായോഗികമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബില്ലിങ് മേഖലയിലെ കംപ്യൂട്ടര്‍വല്‍ക്കരണം, നേരത്തെ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന ജീവനക്കാരുടെ പുനര്‍വിന്യാസം എന്നിവയൊക്കെ നടപ്പാക്കിയപ്പോള്‍ അധികമായ തസ്തികകള്‍ ഒഴിവാക്കിയെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. അതേസമയം, ഒരു തസ്തികയും വെട്ടിക്കുറച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. 854 തസ്തികകള്‍ ഇല്ലാതായതോടെ കാഷ്യര്‍, സീനിയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലുള്ളവര്‍ക്ക് ഉദ്യോഗക്കയറ്റ സാധ്യതയും ഇല്ലാതാവും.
Next Story

RELATED STORIES

Share it