വൈദ്യുതി കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യല്‍; ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന മൂന്നു കമ്പനികളുടെ കണക്കുകള്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഓഡിറ്റ് ചെയ്യണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
2014 ജനുവരി ഏഴിന് ആം ആദ്മി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് ടാറ്റാ പവര്‍ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ്, ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡ്, ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ നല്‍കിയ ഹരജി അനുവദിച്ചുകൊണ്ടാണ് ചീഫ്ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ആര്‍ എസ് എന്‍ഡ്‌ലാ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
സിഎജി ഓഡിറ്റ് തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി ഏകാംഗ ബെഞ്ചിന്റെ ഉത്തരവും കമ്പനികള്‍ ചോദ്യംചെയ്തിരുന്നു. ഓഡിറ്റ് പ്രക്രിയയില്‍ സിഎജിയുമായി സഹകരിക്കണമെന്നായിരുന്നു ഏകാംഗ ബെഞ്ചിന്റെ ഉത്തരവ്. കമ്പനികളുടെ ഹരജിയില്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ചു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയും ഹൈക്കോടതി തള്ളി. പൊതുസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പനിയുടെ കണക്കുകള്‍ സിഎജി ഓഡിറ്റ് ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. മൂന്നു കമ്പനികളില്‍ 51:49 അനുപാതത്തിലാണ് സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തം. ഈ കമ്പനികളുടെ സേവനം അവസാനിപ്പിക്കാനോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും എന്നാല്‍, 49 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തമുള്ളതിനാല്‍ കണക്ക് പൊതു ഓഡിറ്റിങിനു വിധേയമാക്കണമെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നു അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it