World

വൈദ്യസഹായത്തോടെ ആത്മഹത്യ: ബില്ല് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചു

ഒട്ടാവ: കഠിന രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ മരണത്തിനു സഹായിക്കുന്നതിന് ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കുന്ന ബില്ല് കനേഡിയന്‍ പാര്‍ലമെന്റ് പാസാക്കി. ഇതോടെ മാറാരോഗങ്ങളെത്തുടര്‍ന്ന് ജീവിതം അസാധ്യമായവരുടെ മരണത്തിനായി ഡോക്ടര്‍മാര്‍ക്ക് നിയമപരമായി സഹായം നല്‍കാവുന്ന അപൂര്‍വം രാജ്യങ്ങളിലൊന്നായി കാനഡ മാറി. സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, അല്‍ബേനിയ, കൊളംബിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ ഇത്തരത്തിലുള്ള വൈദ്യസഹായത്തോടെയുള്ള ആത്മഹത്യക്ക് നിയമപരമായി അനുമതിയുള്ളത്. യുഎസിലെ വാഷിങ്ടണ്‍, കാലഫോര്‍ണിയ, ഒറഗോണ്‍, വെര്‍മോണ്ട്, ന്യൂമെക്‌സിക്കോ, മൊണ്ടാന എന്നീ സംസ്ഥാനങ്ങളിലും വൈദ്യസഹായത്തോടെ ആത്മഹത്യ അനുവദനീയമാണ്.
കനേഡിയന്‍ പാര്‍ലമെന്റിന്റെ പ്രതിനിധി സഭയും സെനറ്റും ബില്ലിന് അനുമതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ജനറലിന്റെ ഒപ്പ് ലഭിച്ചാല്‍ ഇതു നിയമമായി മാറും. എന്നാല്‍, നിയമത്തിലെ ചില വ്യവസ്ഥകള്‍ രോഗികളെ മരണത്തിനായി വൈദ്യസഹായം തേടുന്നതില്‍ നിന്നു തടയുന്ന തരത്തിലുള്ളവയാണെന്ന് വിമര്‍ശനവുമുയര്‍ന്നിട്ടുണ്ട്. സെനറ്റര്‍മാരില്‍ ഒരു വിഭാഗം ഉദാരമായ വ്യവസ്ഥകളോടുകൂടിയ നിയമത്തിനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ശന വ്യവസ്ഥകളോടെ ബില്ല് പാസാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it