kannur local

വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു; മാക്കൂട്ടത്ത് എട്ടുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ മാക്കൂട്ടത്ത് വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീ പിടിച്ചു. തുടര്‍ന്ന് മാക്കൂട്ടം ചുരം കാനനപാതയില്‍ എട്ട് മണിക്കൂറിലേറെ വാഹന ഗതാഗതം സ്തംഭിച്ചു.
വീരാജ്‌പേട്ട ഭാഗത്ത് നിന്നു ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന നിറയെ വൈക്കോ ല്‍ കയറ്റിയ കരുവഞ്ചാല്‍ സ്വദേശി തുന്നിപ്പാറ ടി എ ബെന്നിയുടെ കെഎല്‍13സി 7036 ലോറിക്കാണ് ഞായറാഴ്ച രാത്രി 8.30തോടെ തീപിടിച്ചത്. ഇരിട്ടിയില്‍ നിന്നും പേരാവൂരില്‍ നിന്നും അഗ്‌നിശമനസേനയുടെ രണ്ടുവീതം യൂനിറ്റും നാട്ടുകാരും ചേര്‍ന്ന് ആറു മണിക്കൂറിലേറെ വെള്ളം ചീറ്റിയാണ് തീ നിയന്ത്രിച്ചത്. തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ 8 യൂനിറ്റ് ജലം വേണ്ടിവന്നു.
രാത്രികാലത്ത് മൈസൂര്‍, ബാംഗ്ലൂര്‍ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിവരുന്ന ടൂറിസ്റ്റ് ബസ്സുകള്‍ അടക്കം വാഹനങ്ങള്‍ പുലര്‍ച്ചെ 3 വരെ റോഡിനിരുവശത്തും കുടുങ്ങിക്കിടന്നു. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും പോകാനുള്ള ചില വാഹനങ്ങള്‍ പേരാവൂര്‍ നിടും പൊയില്‍ വഴി തിരിച്ചുവിട്ടു.
പൂര്‍ണമായും കത്തിനശിച്ച ലോറിയുടെ ഭാഗങ്ങള്‍ ക്രെയിന്‍ കൊണ്ടുവന്ന് പുലര്‍ച്ചെ മൂന്നോടെ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മാക്കൂട്ടം വനത്തിലെ റോഡിനിരുവശവുമുള്ള മരങ്ങള്‍ തീപ്പിടിത്തത്തില്‍ കത്തിയും കരിഞ്ഞും നശിച്ചു.
ഇരിട്ടിയില്‍ നിന്നും പേരാവൂരില്‍ നിന്നും എത്തിയ അഗ്‌നിശമന സേനാ സംഘത്തിനു ഇരിട്ടി സ്‌റ്റേഷന്‍ ഓഫിസര്‍ ജോണ്‍സണ്‍ പീറ്റര്‍ നേതൃത്വം നല്‍കി.
അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടി, ലീഡിങ് ഫയര്‍മാന്‍മാരായ ജി മനോജ് കുമാര്‍, പി ആര്‍ സന്ദീപ്, അനീഷ പനവിള, എന്‍ ജി അശോകന്‍, എന്‍ ജെ അനു, പി രവീന്ദ്രന്‍, പി കെ പ്രഭാകരന്‍, സി ചന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it