Kottayam Local

വൈക്കത്ത് ചലനമുണ്ടാക്കാനാവാതെ ബിഡിജെഎസ്

വൈക്കം: വൈക്കത്ത് ബിജെപി-ബിഡിജെഎസ് സഖ്യം വോട്ടിങ് നില ഉയര്‍ത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 40000ത്തിലധികം വോട്ട് പ്രതീക്ഷിച്ച ബിഡിജെഎസിന് 30067 വോട്ടാണ് നേടാനായത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയും തകര്‍ന്നതിനൊപ്പം വന്‍ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് ജയിച്ചതും ബിഡിജെഎസിന് തിരിച്ചടിയായി. കഴിഞ്ഞ തവണ 10568 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച വൈക്കത്ത് ഇത്തവണ 24584 വോട്ടിനാണ് സിപിഐയിലെ സി കെ ആശ വിജയിച്ചത്.
അതേസമയം വൈക്കത്ത് ബിഡിജെഎസിന്റെ സാന്നിധ്യം യുഡിഎഫ് വോട്ടുകളിലാണ് കനത്ത വിള്ളലുണ്ടാക്കിയത്. കഴിഞ്ഞ തവണ 52035 വോട്ടു നേടിയ യുഡിഎഫിന് ഇത്തവണ ലഭിച്ചത് 37413 വോട്ടാണ്. എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകള്‍ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍ കെ നീലകണ്ഠനിലൂടെ മണ്ഡലം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു എന്‍ഡിഎ. ആഹ്ലാദ പ്രകടനത്തില്‍ ഇതെല്ലാം മനസ്സിലാക്കിയ എല്‍ഡിഎഫ് രൂക്ഷസ്വരത്തിലാണ് ബിജെപിക്കും ബിഡിജെഎസിനുമെതിരേ മുദ്രാവാക്യം ഉയര്‍ത്തിയത്. പല സ്ഥലങ്ങളിലും അവര്‍ കുടം തല്ലിപ്പൊട്ടിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
ബിഡിജെഎസിലൂടെ എസ്എന്‍ഡിപി, കെപിഎംഎസ് വോട്ടുകള്‍ ഏകീകരിക്കാമെന്ന നേതൃത്വത്തിന്റെ പ്രതീക്ഷ പരാജയപ്പെട്ടു. നിലവിലെ കണക്ക് നോക്കുമ്പോള്‍ യുഡിഎഫ് അനുഭാവികളായ കെപിഎംഎസ്, എസ്എന്‍ഡിപി അണികള്‍ മാത്രമാണ് മാറി ചിന്തിച്ചത്. ഇതിന് തടയിടേണ്ട യുഡിഎഫ് നേതൃത്വം തികഞ്ഞ പരാജയമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതുസംബന്ധിച്ച് ഏകദേശ ചിത്രം പുറത്തുവന്നതാണ്.
ഒട്ടുമിക്ക പഞ്ചായത്തുകളിലും സമത്വമുന്നണി-ബിജെപി സഖ്യം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കാണ് തിരിച്ചടി ഉണ്ടാക്കിയത്. വ്യക്തി ബന്ധങ്ങളാണ് പരാജയത്തിനു കാരണമെന്നും ബിജെപി സഖ്യം ഒരു പ്രതിസന്ധി പോലുമല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പരാജയത്തിനു കാരണം പറയാന്‍ നേതൃത്വം പാടുപെടേണ്ടി വരും.
Next Story

RELATED STORIES

Share it