Kottayam Local

വൈക്കം നഗരസഭാ ഭരണം റിബലുകള്‍ തീരുമാനിക്കും

വൈക്കം: നഗരസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം വലത്തേക്കോ ഇടത്തേക്കോ എന്ന് റിബലുകള്‍ തീരുമാനിക്കും. യുഡിഎഫും എല്‍ഡിഎഫും ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് റിബലുകളായി മല്‍സരിച്ച് വിജയിച്ച ഇന്ദിരാദേവി, ബിജു കണ്ണേഴന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ ഇരുവരും മനസ്സു തുറന്നിട്ടില്ല.
26 സീറ്റില്‍ 12 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 10 സീറ്റാണ് യുഡിഎഫിനു ലഭിച്ചത്. കോണ്‍ഗ്രസ് റിബലുകളായി വിജയിച്ച രണ്ടുപേര്‍ യുഡിഎഫിനെ അനുകൂലിച്ചാലും 12 സീറ്റേ ആവൂ എന്നതിനാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പിന്‍ബലത്തില്‍ ഭരണത്തിലേറാന്‍ അവകാശമുന്നയിക്കണമെന്ന് എല്‍ഡിഎഫില്‍ നീക്കം ശക്തമാണ്.
അധികാരത്തിലേറിയാല്‍ ആറു മാസത്തേക്കു മറ്റു തടസ്സങ്ങളൊന്നുമില്ലാത്തത് മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫില്‍ ഇങ്ങനെയൊരു ആവശ്യമുയരുന്നത്.
റിബലായി ജയിച്ച ഇന്ദിരാദേവിക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിയും ബിജു കണ്ണേഴന് മറ്റൊരു പ്രധാന സ്ഥാനം നല്‍കിയും ഭരണം സുഗമമായി കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കണമെന്ന അഭിപ്രായം എല്‍ഡിഎഫില്‍ ശക്തമാണ്. യുഡിഎഫിന് ഭരണതുടര്‍ച്ചയ്ക്കായി റിബലുകളെ ഒപ്പം കൂട്ടുകയും ബിജെപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്താല്‍ നിലഭദ്രമാകാനാകും.
ബിജെപി അംഗങ്ങളില്‍ ഒരാള്‍ എല്‍ഡിഎഫിന്റെ സാധ്യത ഇല്ലാതാക്കാന്‍ റിബലുകള്‍ക്ക് പുറമേ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ഒരുക്കമാണെന്ന സൂചനയുമുണ്ട്. ഇതിനു പുറമേ ബിജെപി അംഗങ്ങള്‍ യുഡിഎഫ് അധികാരത്തിലേറാന്‍ ഭരണത്തിന്റെ ഭാഗമാവാതെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന സാഹചര്യം സംജാതമായാലും അദ്ഭുതപ്പെടേണ്ടെന്ന വാദവും ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it