Kottayam Local

വൈക്കം നഗരസഭയില്‍ ക്ഷേമ പെന്‍ഷന്‍ പാസാക്കാനായില്ല

കോട്ടയം: നഗരസഭയുടെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന കൗണ്‍സിലില്‍ അംഗീകരാത്തിനായി സമര്‍പ്പിച്ച ക്ഷേമ പെന്‍ഷനുകളുടെ അജണ്ട തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പാസാക്കാനിയില്ല. 175 പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനമാണ് പാസാക്കാന്‍ കഴിയാതെ പോയത്.
ജനുവരി 29ന് ചേര്‍ന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനം രണ്ടുമാസത്തിനു ശേഷമുള്ള കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത് ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ബഹളം വച്ചു. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ വാര്‍ധക്യ, വിധവാ പെന്‍ഷനുകളാണ് 29ന് ചേര്‍ന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചത്. ഇതിന് ശേഷം രണ്ടു തവണ കൗണ്‍സില്‍ ചേര്‍ന്നെങ്കിലും ഈ വിഷയം മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. തുടര്‍ന്നാണ് ഇന്നലെ നടന്ന കൗണ്‍സിലില്‍ വിഷയം ഉള്‍ക്കൊള്ളിച്ചത്. അപ്പോഴേക്കും പെരുമാറ്റച്ചട്ടവും വന്നിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ പെന്‍ഷന്‍ പാസാക്കാനാവില്ലെന്ന് അറിയാവുന്ന ഭരണസമിതി പാവങ്ങളെ ദ്രോഹിക്കുകയായിരുന്നെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ.ഷീജ അനില്‍ ആരോപിച്ചു. ഇനി പെന്‍ഷനുകള്‍ പാസാക്കാന്‍ മൂന്നുമാസത്തോളം കാത്തിരിക്കണം. തിരുനക്കര ക്ഷേത്രത്തിലെ ഉല്‍സവത്തിനോടനുബന്ധിച്ച് പഴയ പോലിസ് സ്റ്റേഷന്‍ മൈതാനവും വാടകയ്ക്ക് വിട്ടുനല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗം ചേരാനായും മറ്റും ഉപയോഗിക്കേണ്ടതിനാല്‍ പോലിസ് സ്‌റ്റേഷന്‍ മൈതാനം ഇത്തവണ ഉല്‍സവ ആവശ്യത്തിനായി നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുള്ളതിനാല്‍ ബിജെപി അംഗങ്ങള്‍ ഇക്കാര്യം വീണ്ടും കൗണ്‍സിലില്‍ ഉന്നയിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം മൂലം 10 ഓളം വിഷയങ്ങളും അടുത്ത കൗണ്‍സിലിലേക്ക് മാറ്റിവച്ചു. കൗണ്‍സിലര്‍മാരായ ടി സി റോയി, സി എന്‍ സത്യനേശന്‍, സന്തോഷ് കുമാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it