Second edit

വൈകുന്ന പുരസ്‌കാരങ്ങള്‍

കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന മഹാപുരസ്‌കാരങ്ങളൊക്കെ വളരെ വൈകിയെത്തുന്നതിനെ വിമര്‍ശിച്ച് ഈയിടെ ഒരു ഇംഗ്ലീഷ് വാരിക മുഖക്കുറിപ്പെഴുതിയിരുന്നു. ബോളിവുഡിലെ പ്രമുഖ നടന്‍ ദിലീപ്കുമാറിനു രാജ്യത്തെ ഏറ്റവും വലിയ ദേശീയ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കിയതായിരുന്നു വിഷയം. കേന്ദ്രമന്ത്രി ദിലീപ്കുമാറിനെ പ്രശംസിച്ചു പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹത്തിനു മനസ്സിലായില്ല. കാരണം, 93കാരനായ ദിലീപ്കുമാറിനു കേള്‍വിശക്തി പറ്റെ നഷ്ടപ്പെട്ടിരുന്നു.
1998ല്‍ സിനിമാഭിനയം അവസാനിപ്പിച്ച ഒരു പ്രഗല്‍ഭ നടനു പത്മവിഭൂഷണ്‍ നല്‍കാന്‍ ഇത്ര വൈകേണ്ടിയിരുന്നോ എന്ന ചോദ്യമാണ് വാരിക ഉയര്‍ത്തുന്നത്. ഇത്തരം നടപടികള്‍ പക്ഷേ ആദ്യത്തേതല്ല. ശശി കപൂറിന് 77 വയസ്സായപ്പോഴാണ് ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് നല്‍കുന്നത്. രാജ്കപൂറിനു ഫാല്‍കെ അവാര്‍ഡ് ലഭിക്കുന്നത് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞ്.
ഇത്തരം അവാര്‍ഡ്ദാനങ്ങളൊക്കെ അതിന്റെ രാഷ്ട്രീയ ലാഭം നോക്കിയാെണന്ന വിമര്‍ശനം അസ്ഥാനത്തല്ല. പ്രമുഖ ക്രിക്കറ്റ് കളിക്കാരനായ സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്, അദ്ദേഹം കളിയില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പുതന്നെ പത്മവിഭൂഷണ്‍ ലഭിച്ചു. ബാറ്റ് വീട്ടില്‍ വച്ച ഉടനെ ഭാരതരത്‌നം പിറകെയെത്തി. സചിന്റെ പ്രശസ്തിയില്‍ നിന്നു നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ഈ തിടുക്കത്തിനൊക്കെ കാരണമായതെന്നു കരുതുന്നതില്‍ തെറ്റില്ല. പുരസ്‌കാരങ്ങള്‍ അതു ലഭിക്കുന്നവര്‍ക്ക് ഉപകരിക്കണമെങ്കില്‍ സമയാസമയം നല്‍കേണ്ടതുണ്ട്. വൈകി നല്‍കുന്ന അവാര്‍ഡുകള്‍ വൈകിയെത്തുന്ന നീതി പോലെ ഉപയോഗശൂന്യമാണ്.
Next Story

RELATED STORIES

Share it