വേവിക്കാത്ത ഭക്ഷണം മാത്രം കഴിച്ച് 2011 ലോകകപ്പില്‍ കളിക്കാനിറങ്ങി: സചിന്‍

ന്യൂഡല്‍ഹി: വേവിക്കാത്ത സാലഡ് രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ച് കഠിനമായ ഡയറ്റ് ചെയ്താണ് 2011ലെ ലോകകപ്പില്‍ ടീമംഗങ്ങള്‍ കളിക്കാനിറങ്ങിയതെന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കര്‍. ഇതിന്റെ ഫലമായി നാല് കിലോയോളം തൂക്കം കുറക്കാന്‍ തനിക്കും മറ്റു ടീമംഗങ്ങള്‍ക്കും സാധിച്ചുവെന്നും ഒരു പുസ്തക പ്രകാശനച്ചടങ്ങിനിടേ താരം വെളിപ്പെടുത്തി.
ലോകകപ്പിനു മുമ്പ് നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ടീമംഗങ്ങളില്‍ പലരേയും അമിത വണ്ണം അലട്ടുന്നുണ്ടെന്നു മനസ്സിലായത്. തുടര്‍ന്ന് ഓരോരുത്തരും മൂന്നു കിലോ വീതം കുറക്കണമെന്ന് താന്‍ നിര്‍ദേശിച്ചു. തന്റെ നിര്‍ദേശം അക്ഷരം പ്രതി അനുസരിച്ച ടീമംഗങ്ങള്‍ പിന്നീട് കഠിനമായ ഭക്ഷണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. സചിന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം തോളെല്ലിന് പരിക്കേറ്റ് താന്‍ കുറച്ചു നാള്‍ വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഭാരക്കൂടുതല്‍ പ്രശ്‌നമായി അനുഭവപ്പെട്ടു. ഭാരക്കൂടുതല്‍ മൂലം ശരിയായ രീതിയില്‍ വ്യായാമം നടത്തുന്നതിനു പോലും കഴിഞ്ഞില്ല. തുടര്‍ന്നാണ് കഠിനമായ ഭക്ഷണ നിയന്ത്രണം തനിക്കും ഏര്‍പ്പെടുത്തേണ്ടി വന്നത്.
നാല് കിലോയോളം ശരീരത്തിന്റെ ഭാരം കുറച്ച് നല്ല രീതിയില്‍ കളിച്ചതിനാല്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷം ടീമിന് ലോകകപ്പ് തിരിച്ചു പിടിക്കാനായെന്നും താരം പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ വ്യായാമത്തിനോ ശരീര ഫിറ്റ്‌നസിനോ താന്‍ യാതൊരു പ്രാധാന്യവും നല്‍കിയിരുന്നില്ല. എന്നാല്‍ വിദേശ പരിശീലകരാണ് ഫിറ്റ്‌നസിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കിയതെന്നും സചിന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it