palakkad local

വേലപ്രേമികള്‍ ആവേശത്തില്‍: നെന്മാറ-വല്ലങ്ങി വേല ഇന്ന്

പാലക്കാട്: ചരിത്ര പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല ഇന്നാഘോഷിക്കും. വേലയുടെ സുന്ദരകാഴ്ചകള്‍ കാണാന്‍ വേലപ്രേമികളുടെ ഒഴുക്കു നെന്മാറയെ ഇതിനകം തന്നെ ജനനിബഡമാക്കിയിട്ടുണ്ട്.
വേലയുടെ ഭാഗമായ നെന്മാറ-വല്ലങ്ങി ദേശങ്ങളുടെ ആനചമയപ്രദര്‍ശനവും സാംപിള്‍ വെടിക്കെട്ടും കാണാന്‍ ഇന്നലെ വന്‍ ജനസാന്നിധ്യമായിരുന്നു. നെന്മാറ ഗ്രാമം വേല തുടങ്ങുന്നത് മന്നത്തുമുത്തി ക്ഷേത്രത്തില്‍ നിന്നും വല്ലങ്ങി വേല തുടങ്ങുന്നത് ശിവക്ഷേത്രത്തില്‍ നിന്നുമാണ്. ഓരോ സംഘത്തിനും 11 മുതല്‍ 15 വരെ ആനകള്‍ കാണും. നെറ്റിപ്പട്ടമണിഞ്ഞ് അലങ്കരിച്ച ഈ ആനകളെ വാദ്യങ്ങളോടെ ഗ്രാമത്തിലെ പ്രധാന നിരത്തുകളിലൂടെ നടത്തിക്കും. വൈകീട്ട് രണ്ട് സംഘങ്ങളും നെല്ലിക്കുളങ്ങര ക്ഷേത്രത്തില്‍ എത്തും.
വെടിക്കെട്ട് ഉല്‍സവങ്ങളില്‍ മല്‍സരിച്ച് മാനത്ത് മഴവില്ല് വിരിയിക്കുന്ന രണ്ട് ദേശങ്ങളാണ് നെന്മാറയും വല്ലങ്ങിയും. ഇരു വിഭാഗങ്ങളും മല്‍സരിച്ച് നടത്തുന്ന ഈ വെടിക്കെട്ട് ഗംഭീരമാണ്. എല്ലാ വര്‍ഷവും വെടിക്കെട്ടില്‍ പുതിയ വിദ്യകള്‍ പരീക്ഷിക്കുന്നുമുണ്ട്. ഉല്‍സവത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം ആനപ്പന്തല്‍ ആണ്. കമാനാകൃതിയില്‍ നിര്‍മിച്ച ആനപ്പന്തലില്‍ ആനകളെ കൂച്ചുവിലങ്ങിട്ടു നിറുത്തിയിരിക്കുന്നു. വര്‍ണാഭമായി അലങ്കരിച്ച ആനപ്പന്തലില്‍ പല നിറങ്ങളിലുള്ള വൈദ്യുത ബള്‍ബുകള്‍ തൂക്കിയിരിക്കുത് തന്നെ പ്രത്യേക ഭംഗിയാണ്.
വൈദ്യുതി പ്രവഹിക്കുമ്പോള്‍ പല തരത്തിലുള്ള 'ഡിസൈനുകളില്‍ ഈ ബള്‍ബുകള്‍ വര്‍ണവിസ്മയം തീര്‍ക്കുന്നു. വേല ദിവസം നെല്ലിക്കുളങ്ങര ക്ഷേത്രത്തിനു വടക്കുവശത്തായി നടക്കുന്ന വല്ലങ്ങിദേശത്തിന്റെ പ്രധാന പകല്‍ വെടിക്കെട്ട് വൈകിട്ട് 6.30നു തുടങ്ങും. ഇത് അവസാനിക്കുന്ന മുറയ്ക്കു ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി നെന്മാറ ദേശത്തിന്റെ പകല്‍ വെടിക്കെട്ട് നടക്കും. പിന്നീടു ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണു ഇരുദേശത്തിന്റെയും രാത്രി വെടിക്കെട്ട്. പോലിസുമായുള്ള ചര്‍ച്ചയില്‍ വെടിക്കെട്ട് ഒരുക്കുന്നതില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ദൂരെനിന്നും കാണുന്ന വിധം രണ്ടുവരി ബാരിക്കേഡ് സ്ഥാപിച്ചു വെടിക്കെട്ട് സ്ഥലത്തേക്കുള്ള പ്രവേശനം തടയും. ക്ഷേത്ര പരിസരത്തും ക്ഷേത്രക്കുളവരമ്പിലും പ്രവേശിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
Next Story

RELATED STORIES

Share it