വേര്‍തിരിച്ച് പിഎസ്‌സി റാങ്ക് പട്ടിക തയ്യാറാക്കല്‍; ട്രൈബ്യൂണലിന്റെയും സുപ്രിംകോടതിയുടെയും ഉത്തരവ് അംഗീകരിക്കും

തിരുവനന്തപുരം: പിഎസ്‌സിയുടെ നിലവിലുള്ള എല്ലാ റാങ്ക് പട്ടികകളുടെയും കാലാവധി ആറുമാസത്തേക്കുകൂടി നീട്ടുന്നതിന് ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം തീരുമാനിച്ചു. ഈമാസം 30ന് കാലാവധി അവസാനിക്കുന്നതും നാലരവര്‍ഷം തികയാത്തതുമായ റാങ്കു പട്ടികകളുടെ സമയപരിധി നീട്ടുന്നതിന് മന്ത്രിസഭായോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് കമ്മീഷന്റെ നടപടി.
300 റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കാലാവധി നീട്ടിനല്‍കിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈമാസം 30ന് അവസാനിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13 തവണ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ആറുമാസം കാലാവധി നീട്ടാന്‍ പിഎസ്‌സിയോടു സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും മൂന്നുമാസം മാത്രമേ നീട്ടിനല്‍കിയിരുന്നുള്ളൂ. കോളജില്‍ മലയാളം അധ്യാപക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്, എസ്‌ഐ കേസിലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാവണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. രണ്ടാമത്തെ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെയിന്‍ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും വേര്‍തിരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതില്‍ തെറ്റില്ലെന്നാണ് സുപ്രിംകോടതി വിധിയിലുള്ളത്.
ആദ്യപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെയിന്‍ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും വേര്‍തിരിച്ചാണ് മലയാളം അധ്യാപക നിയമനത്തിന് പിഎസ്‌സി രണ്ടാമത്തെ പരീക്ഷ നടത്തിയത്. ആദ്യം നടത്തിയ ഈ വേര്‍തിരിവ് നിലനിര്‍ത്തി അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരേയാണ് ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. രണ്ടു പരീക്ഷകളുള്ള എല്ലാ തസ്തികകള്‍ക്കും സുപ്രിംകോടതി വിധിയും ട്രൈബ്യൂണല്‍ വിധിയും അനുസരിച്ച് റാങ്ക് പട്ടിക തയ്യാറാക്കാനാണ് പിഎസ്‌സിയുടെ ഇപ്പോഴത്തെ തീരുമാനം.
Next Story

RELATED STORIES

Share it