wayanad local

വേനല്‍ കനത്തു; ജില്ലയില്‍ കാട്ടുതീ ഭീഷണി വര്‍ധിച്ചു

മാനന്തവാടി: വേനല്‍ കനത്തതോടെ ജില്ലയില്‍ കാട്ടുതീ ഭീഷണി വര്‍ധിച്ചു. അഞ്ചു വര്‍ഷത്തിനിടെ വടക്കേ വയനാട്ടില്‍ മാത്രം കത്തിനശിച്ചത് 1,465 ഹെക്റ്റര്‍ ഭൂമിയാണെന്നു വനംവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ജനുവരി ഏഴു മുതല്‍ 2016 മാര്‍ച്ച് 18 വരെയുള്ള കണക്കുകളാണിത്. 2012ല്‍ 106.6839 ഹെക്റ്ററും 2013ല്‍ 29.4679ഉം 2014ല്‍ 174ഉം 2015ല്‍ 20.7885ഉം 2016ല്‍ 34.309ഉം ഹെക്റ്റര്‍ വനഭൂമി കത്തിനശിച്ചു.
ചരിത്രത്തിലൊരിക്കലുമില്ലാത്ത വിധത്തില്‍ വയനാടന്‍ കാടുകളെ കാട്ടുതീ വിഴുങ്ങിയ 2014ല്‍ 1,100ഓളം ഹെക്റ്റര്‍ ഭൂമികൂടി ചാമ്പലായിരുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ 2014ല്‍ 1,274 ഹെക്റ്റര്‍ വനഭൂമി അഗ്നിക്കിരയായി. ഇതില്‍ മൂന്നു തവണ ഒഴികെ ബാക്കിയെല്ലാം സ്വാഭാവിക തീപ്പിടിത്തമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
2014 ഫെബ്രുവരി ഒന്നിന് പേര്യ റേഞ്ചില്‍ വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലെ ഒരു ഹെക്റ്റര്‍ പുല്‍മേട് കത്തിനശിച്ചതും ഇതേവര്‍ഷം ഫെബ്രുവരി 16ന് വരയാല്‍ ഡിവിഷനിലെ കമ്പനിക്കുന്നില്‍ ഒരു ഹെക്റ്റര്‍ പുല്‍മേടും 2014 മാര്‍ച്ച് 17ന് ബേഗൂര്‍ റേഞ്ചില്‍പ്പെട്ട അപ്പപ്പാറ ഡിവിഷനില്‍ വനഭൂമി കത്തിനശിച്ചതും അസ്വാഭാവികമായ തീപ്പിടിത്തമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. അഞ്ചു വര്‍ഷത്തിനിടെ വനഭൂമി കത്തി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
നിക്ഷിപ്ത വനവും സംരക്ഷിത വനവും പ്ലാന്റേഷനുകളും കത്തിനശിച്ചവയിലുള്‍പ്പെടും. കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതു വനംവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫണ്ടിന്റെ ലഭ്യതക്കുറവു മൂലം ഈ വര്‍ഷം ഫയര്‍ലൈന്‍ നിര്‍മിക്കുന്നതിന്റെ അളവ് പകുതിയായി കുറച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കാട്ടുതീ പ്രതിരോധത്തിനായി കൂടുതലായി താല്‍ക്കാലിക വാച്ചര്‍മാരെ നിയമിക്കാറുണ്ടായിരുന്നു.
എന്നാല്‍, ഫണ്ടില്ലാത്തതിനാല്‍ ഈ വര്‍ഷം മറ്റു ചുമതലകള്‍ കൂടിയുള്ള വാച്ചര്‍മാരെയാണ് കാട്ടുതീ പ്രതിരോധത്തിനായും നിയോഗിച്ചിട്ടുള്ളത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലാണ് കാട്ടുതീ ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്. സൗത്ത് വയനാട് വനം ഡിവിഷനിലും വയനാട് വന്യജീവി സങ്കേതത്തിലും കാട്ടുതീയില്‍ ഹെക്റ്റര്‍ കണക്കിന് വനം കത്തിനശിച്ചിരുന്നു.
Next Story

RELATED STORIES

Share it