malappuram local

വേനല്‍ കടുക്കുന്നു നീരുവറ്റി ഭാരതപ്പുഴ; നിളാതീരത്തെ ജല പദ്ധതികള്‍ ഉപേക്ഷിക്കുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: കൊടും ചൂടില്‍ നീരൊഴുക്ക് നിലച്ച് നീര്‍ച്ചാലായി മാറിയ ഭാരതപ്പുഴയുടെ തീരങ്ങളിലെ ജല പദ്ധതികള്‍ ഉപേക്ഷിക്കുന്നു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വെള്ളത്തിനുള്ള പ്രധാന ആശ്രയമാണ് ഭാരതപ്പുഴയും പോഷകനദികളും. പ്രതിവര്‍ഷം ശരാശരി 7,478 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഭാരതപ്പുഴയിലൂടെ ഒഴുകുന്നത്. അതുകൊണ്ട് തന്നെ ഭാരതപ്പുഴയില്‍ സംഭരിച്ച് ഉപയോഗിക്കാവുന്നതായ വെള്ളം 5.5% മാത്രമാണ്. നിളയുടെ സമൃദ്ധികാലം സമര്‍ത്ഥമായി ഉപയോഗിക്കാത്തത് വേനലില്‍ കടുത്ത ജലക്ഷാമത്തിനു ഇടയാക്കുന്നുണ്ട്. ഇതിന് പുറമെ ഭൂഗര്‍ഭ ജലവിതാനവും ജലാശയങ്ങളിലെ ജലനിരപ്പും കുത്തനെ താഴുന്നു. വരും നാളുകളില്‍ നിളാതീരത്തെ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ചയാണ്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രൂക്ഷമായ തോതിലാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും രണ്ടുമുതല്‍ ആറ് മീറ്റര്‍ വരെ കുറവാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഭൂഗര്‍ഭ ജലവിതാനത്തിന്റെ തോത് രേഖപ്പെടുത്താന്‍ നിശ്ചയിച്ചിട്ടുള്ള കിണറുകളിലെ ജലനിരപ്പാണ് ഇതുമായി ബന്ധപെട്ട റിപോര്‍ട്ടുകള്‍ക്ക് ആധാരമായിട്ടുള്ളത്.
ഭൂഗര്‍ഭ ജല വകുപ്പ് മാസത്തിലൊരിക്കലോ രണ്ട് മാസം കൂടുമ്പോഴോ ആണ് ജലനിരപ്പ് പരിശേധിക്കുക. ആറ് മീറ്റര്‍ വരെ ജലനിരപ്പില്‍ താഴ്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഭൂഗര്‍ഭ ജലവിതാനം 6 മീറ്ററോളം കുറവാണ് കണ്ടിരുന്നത്. പാലക്കാട് ജില്ലയില്‍ വൃഷ്ടി പ്രദേശങ്ങളില്‍ പോലും ജലനിരപ്പില്‍ കുറവുണ്ടായെന്നത് ഗൗരവത്തോടെയാണ് വിദഗ്ദര്‍ കാണുന്നത്. സംസ്ഥാനത്തെ മൊത്തം ബ്ലോക്കുകളില്‍ 98 ഇടത്തും കഴിഞ്ഞ നാല് വര്‍ഷമായി കുറഞ്ഞ ജലവിതാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ഡിസംബറില്‍ എടുത്ത കണക്ക് പ്രകാരം ഭൂഗര്‍ഭ ജലവിതാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലൊഴിച്ച് മറ്റിടങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനത്തില്‍ രേഖപ്പെടുത്തിയ മാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്തെ പുഴകളിലും കിണറുകളിലും മറ്റു ജലസംഭരണികളിലും കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഭാരതപ്പുഴ മിക്ക സ്ഥലങ്ങളിലും വെറും നീര്‍ച്ചാലുകള്‍ മാത്രമായി ചുരുങ്ങി. ജനുവരി തുടങ്ങുമ്പോഴേക്കും ഭാരതപ്പുഴയില്‍ ജലം കിട്ടാക്കനിയാണ്. കടുത്ത വേനലില്‍ ഉണ്ടാവുന്ന തരത്തിലാണ് ജലനിരപ്പില്‍ ഇപ്പോള്‍ തന്നെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതപ്പുഴയുള്‍പ്പെടെ സംസ്ഥാനത്തെ നാല് പ്രധാന നദികളിലും രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ചോരുന്നതിനാല്‍ പ്രധാന ജലസംഭരണിയായ ഇവിടെ ജലം സംഭരിക്കാനാവാതെ വെള്ളം കടലിലേക്ക് ഒഴുകുകയാണ്. മണലെടുപ്പ് മൂലം പുല്‍ക്കാടുകള്‍ കാടുപിടിച്ച് കിടക്കുന്ന പുഴയില്‍ നിന്ന് വേനലില്‍ വരള്‍ച്ചയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. ജലലഭ്യത ഏറെയുള്ള പ്രദേശങ്ങളില്‍ പോലും കിണറിലെ ജലനിരപ്പില്‍ നാലടി വരെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു.
ശുദ്ധജല, ജലസേചനസംഭരണികള്‍ വറ്റി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്ന സ്ഥിതിയാണുള്ളത്.
Next Story

RELATED STORIES

Share it