malappuram local

വേനല്‍ കടുക്കുന്നു: കുടിനീര്‍ വറ്റി ഗ്രാമവും നഗരവും; ചൂട് 36 ഡിഗ്രിക്ക് മുകളില്‍

പൊന്നാനി: ജില്ലയില്‍ കനത്ത ചൂട് തുടരുന്നു. രണ്ടു ദിവസമായി 36 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയ ജില്ലയിലെ ഗ്രാമവും നഗരവുമെല്ലാം ഉഷ്ണം സഹിക്കാനാവാതെ വലയുകയാണ്. പുഴകളില്‍ ജലനിരപ്പ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. കുടിവെള്ള വിതരണ പദ്ധതികളെയും വേനല്‍ ബാധിച്ചുതുടങ്ങി. തുലാമഴ കിട്ടാതെ വലയുന്ന നാടിന് സഹിക്കാനാവുന്നതിലും അപ്പുറമാണ് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത ചൂട്. അയല്‍ ജില്ലയായ പാലക്കാട് മുണ്ടൂരില്‍ താപനില 40 ഡിഗ്രിയും മലമ്പുഴയില്‍ 39.6 ഡിഗ്രിയുമാണ് കഴിഞ്ഞ രണ്ടു ദിവസവും രേഖപ്പെടുത്തിയത്. ചുട്ടുപൊള്ളുന്ന വെയിലേറ്റ് വയലുകള്‍ വരണ്ടു. കുളങ്ങളില്‍ വെള്ളം കുറവായി. ജില്ലയിലെ വേനല്‍ക്കാല കൃഷിയിടങ്ങളിലേക്ക് ജലസംഭരണികളില്‍ നിന്ന് വെള്ളം തുറന്നു വിടുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജില്ലയിലെ ഡാനിഡ കുടിവെള്ള പദ്ധതികളും ആശങ്കയിലാക്കിയിരിക്കുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വെള്ളത്തിനായി ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ് പലയിടത്തുമുള്ളത്.
ചൂടു കൂടിയതോടെ തൊഴില്‍സമയങ്ങളില്‍ ക്രമീകരണം എര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. തീരദേശങ്ങളില്‍ കോടികളുടെ കണക്കുപറഞ്ഞ കുടിവെള്ള പദ്ധതികള്‍ ഇപ്പോഴും കടലാസില്‍ തന്നെ ഉറങ്ങുകയാണ്. ടാങ്കറുകളിലും ലോറികളിലും രണ്ടും മൂന്നും ദിവസത്തിലൊരിക്കല്‍ വിവിധസംഘടനകള്‍ കൊണ്ടുവരുന്ന കുടിവെള്ളം തന്നെ ഇപ്പോഴും ഇവരുടെ ഏക ആശ്രയം. കുടിവെള്ളക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് നാട്ടുകാര്‍ ബന്ധുവീട്ടുകളിലേക്ക് താമസം മാറിപോവുന്നു. രണ്ടു ദിവസത്തിലൊരിക്കല്‍ വരുന്ന പൈപ്പ് വെള്ളം കാത്ത് ബക്കറ്റുകളും കുടങ്ങളും നിരത്തി കാത്തുനില്‍ക്കുന്ന വീട്ടമ്മമാര്‍ തീരദേശത്തെ സ്ഥിരംകാഴ്ചയാണ്. ഭാരതപ്പുഴയില്‍ തെളിയുന്നതും കൊടും ചൂടിന്റെ പകച്ച മുഖമാണ്. നീരൊഴുക്ക് നിലച്ച് നീര്‍ച്ചാലായി മാറിയിരിക്കുന്നു പുഴ. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കുടിവെള്ളത്തിനുള്ള പ്രധാന ആശ്രയമാണ് ഭാരതപ്പുഴയും പോഷകനദികളും.
മലപ്പുറം, പാലക്കാട് ജില്ലകളിലെ കൂടിയ അന്തരീക്ഷ താപനിലയും, ആര്‍ദ്രതയും കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് നിളയുടെ തീരങ്ങളിലാണ്. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ പൊന്നാനി താലൂക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വെളിയങ്കോട്, മാറഞ്ചേരി, അയിരൂര്‍, പുത്തന്‍പള്ളി, കോക്കൂര്‍, ആലംങ്കോട്, അട്ടയാംകുന്ന്, മൂതൂര്‍, എരുവപ്രകുന്ന്, ചേകനൂര്‍, ആനക്കര എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. നിളയുടെ സമൃദ്ധികാലം സമര്‍ത്ഥമായി ഉപയോഗിക്കാനാവശ്യമായ ജലമാനേജ്‌മെന്റിന്റെ അഭാവം നിളക്ക് നാശം വരുത്തുകയാണ്. ഇനിയുള്ള നാളുകളില്‍ ഭാരതപ്പുഴയെ മികച്ച ജലസ്രോതസ്സായി കരുതാനാവില്ലെന്ന തിരിച്ചറിവിലാണ് തീരത്തെ ജലപദ്ധതികളും. ഭാരതപ്പുഴയില്‍ വെള്ളമെത്തിക്കുന്ന ഡാനിഡ പദ്ധതിയും ജലം ലഭ്യമല്ലാത്തതിനാല്‍ അടുത്ത ദിവസം പമ്പിങ്ങ് നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ, മാറഞ്ചേരി, വട്ടംകുളം, ആലംകോട്, വെളിയങ്കോട് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഡാനിഡ പദ്ധതി വഴിയാണ്. ഇതോടെ ഈ മേഖലയില്‍ കുടിവെള്ള പൈപ്പിനെ ആശ്രയിക്കുന്നവര്‍ ദുരിതത്തിലാവും.
ഇതിന് പുറമെ ഭൂഗര്‍ഭ ജലവിതാനവും ജലാശയങ്ങളിലെ ജലനിരപ്പും കുത്തനെ താഴുന്നതായി റിപോര്‍ട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രൂക്ഷമായ തോതിലാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും രണ്ടുമുതല്‍ ആറ് മീറ്റര്‍ വരെ കുറവാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ ഭൂഗര്‍ഭ ജലവിതാനം ആറു മീറ്ററോളം കുറവാണ് കണ്ടിരുന്നത്.
Next Story

RELATED STORIES

Share it