വേനല്‍മഴയും ആശ്വാസമാവില്ല; വരാനുള്ളത് കൊടും ചൂടിന്റെ ദിനങ്ങള്‍

തിരുവനന്തപുരം: കടുത്ത വേനലില്‍ ചുട്ടുപൊള്ളുന്ന കേരളത്തെ വരുംദിവസങ്ങളിലും കാത്തിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങള്‍. നിലവിലെ സ്ഥിതിയില്‍ സംസ്ഥാനത്തെ ശരാശരി താപനില 40 ഡിഗ്രിക്കും മുകളിലേക്ക് ഉയരാനാണു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇടയ്ക്കിടെ വേനല്‍മഴ ലഭിച്ചാലും ചൂടിന് ഇപ്പോള്‍ ശമനം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.
പാലക്കാട് ജില്ലയില്‍ ഇപ്പോള്‍ തന്നെ ചൂട് 41 ഡിഗ്രി കടന്നിട്ടുണ്ട്. ഇന്നലെ ഉയര്‍ന്ന താപനില 41.1 ഡിഗ്രിയാണു പാലക്കാട് രേഖപ്പെടുത്തിയത്. മലമ്പുഴയിലാണ് ഈ സീസണിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 2010ല്‍ രേഖപ്പെടുത്തിയ 41.5 ഡിഗ്രിയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോഡ് താപനില. കോഴിക്കോട് ജില്ലയാണ് രണ്ടാംസ്ഥാനത്തുള്ളത്. 38.2 ഡിഗ്രി. മൂന്നാമതുള്ള കണ്ണൂരില്‍ 37.8 ഡിഗ്രിയാണ് ഉയര്‍ന്ന ചൂട്. സംസ്ഥാനത്ത് താരതമ്യേന കുറഞ്ഞ ചൂട് അനുഭവപ്പെടുന്നതു തലസ്ഥാന ജില്ലയിലാണ്. 35 ഡിഗ്രിയാണു തിരുവനന്തപുരത്ത് ഇന്നലെ രേഖപ്പെടുത്തിയ താപനില.
അതേസമയം, വേനല്‍മഴയുടെ അളവും ഇപ്രാവശ്യം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ ലഭിക്കേണ്ട മൊത്തം വേനല്‍മഴയില്‍ 43 ശതമാനത്തിന്റെ കുറവാണുള്ളത്.
ഇക്കാലയളവില്‍ 70.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് വെറും 40.8 മി. മീറ്റര്‍ വേനല്‍മഴ മാത്രമാണു കേരളത്തില്‍ ലഭിച്ചത്. കോട്ടയം ജില്ലയില്‍ മാത്രം ശരാശരി വേനല്‍മഴ ലഭിച്ചപ്പോള്‍ മറ്റു ജില്ലകളിലെല്ലാം മഴയുടെ അളവ് കുറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു പ്രധാനമായും വേനല്‍മഴയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ ലഭിക്കേണ്ടതിന്റെ ഒരു ശതമാനം മാത്രമാണ് വേനല്‍മഴയുണ്ടായത്. അതേസമയം, കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപും കനത്ത ചൂടില്‍ വെന്തുരുകുകയാണ്. ദ്വീപില്‍ വേനല്‍മഴയുടെ അളവിലും ക്രമാതീതമായ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്.
ആഗോള താപനത്തിന്റെ തോത് വര്‍ധിച്ചതും പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍നിനോ പ്രതിഭാസവുമാണ് ഇത്തവണ താപനില ക്രമാതീതമായി ഉയരാന്‍ കാരണമായത്. സമുദ്ര ജലത്തിന്റെ താപനില ഉയര്‍ന്നതിനെത്തുടര്‍ന്നുള്ള കാലാവസ്ഥാ മാറ്റമാണു കേരളത്തിലും ചൂട് വര്‍ധിപ്പിച്ചതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. കൂടാതെ, പ്രകൃതിക്കു നേരെയുള്ള കടന്നുകയറ്റം, ഉയരുന്ന കെട്ടിടങ്ങള്‍, വര്‍ധിക്കുന്ന വാഹനങ്ങള്‍, മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ എന്നിവയും ചൂട് വര്‍ധിച്ചതിന്റെ അടിസ്ഥാന കാരണങ്ങളാണ്.
ഇടയ്ക്കിടെ വേനല്‍മഴയുണ്ടായാലും ചൂടിനു തല്‍ക്കാലം ശമനം പ്രതീക്ഷിക്കേണ്ടതില്ല. വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ താപനില 40നു മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. മെയ്മാസം ഒടുവിലോ ജൂണ്‍ ആദ്യമോ കാലവര്‍ഷം എത്തുന്നതുവരെ കേരളം വിയര്‍ത്തൊലിക്കേണ്ടിവരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it