kasaragod local

വേനല്‍മഴയില്‍ പരക്കെ നാശം

കാസര്‍കോട്: കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ പെയ്ത വേനല്‍മഴയില്‍ കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും പരക്കെ നാശനഷ്ടം. മഴയ്‌ക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണാണ് നാശനഷ്ടമുണ്ടായത്. ഇടിമിന്നലില്‍ കുമ്പള സിഎച്ച്‌സി റോഡിനു സമീപത്തെ അശോക് ജോഷിയുടെ വീടിന്റെ ചുവരിന് വിള്ളലേറ്റു. വീടിനകത്തുണ്ടായിരുന്ന ജോഷിയുടെ ഭാര്യ അന്നപൂര്‍ണയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മെയിന്‍ സ്വിച്ച്, സ്വിച്ച് ബോര്‍ഡുകള്‍, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മോട്ടോര്‍ പമ്പ് എന്നിവ കത്തിനശിച്ചു.
അടുക്കത്ത്ബയല്‍ അര്‍ജാലിലെ ഫിറോസിന്റെ വീടിനു മുകളിലേയ്ക്കു തെങ്ങ് കടപുഴകി വീണ് അടുക്കളഭാഗം തകര്‍ന്നു. സമീപത്തെ പുരുഷോത്തമന്റെ വീടിനും തെങ്ങുവീണ് നാശം സംഭവിച്ചു. കുഞ്ചാറിന് സമീപം വെളുമ്പു അര്‍ജുനന്‍ കുഴിയിലെ ഫാറൂഖിന്റെ വീട്ടിലും ഇടിമിന്നല്‍ നാശം വിതച്ചു. വിദ്യാനഗറില്‍ ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ മരം വീണ് പോസ്റ്റുകള്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് നഗരവും പരിസരപ്രദേശങ്ങളും ഇരുട്ടിലായി.
ബുധനാഴ്ച വൈകിട്ട് നിലച്ച വൈദ്യുതി ഇന്നലെ വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത്. കാസര്‍കോട് അശോക് നഗര്‍, ചൂരി, നെല്ലിക്കുന്ന് കടപ്പുറം, കുഡ്‌ലു എന്നിവിടങ്ങളിലും മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ക്ക് കേടുപാട് സംഭവിച്ചു. നെല്ലിക്കുന്ന്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ മരം വീണതിനെത്തുടര്‍ന്ന് വൈദ്യുതി വി—തരണത്തോടൊപ്പം ഗതാഗതവും തടസപ്പെട്ടു.
കുമ്പഡാജെയില്‍ ഖിളര്‍ മസ്ജിദ് പള്ളിയുടെ ഹൗളും കിണറും ചുറ്റുമതിലും തകര്‍ന്നു. കോംപൗണ്ടിലുള്ള കിണര്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണു.
പ്രാര്‍ഥനയില്‍ ആയിരങ്ങള്‍
കാസര്‍കോട്: കഠിനമായ ചൂടും മഴ വര്‍ഷിക്കാതെയും മനുഷ്യരും കന്നുകാലികളും ജീവജാലങ്ങളുമെല്ലാം പ്രയാസപ്പെടുന്ന കാലാവസ്ഥയില്‍ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദില്‍ നടത്തിയ പ്രാര്‍ത്ഥനാ സദസ്സുകള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൃദ്ധരും യുവാക്കളും, കുട്ടികളുമായ നിരവധി വിശ്വാസികള്‍ ഒഴുകി എത്തി. അതിനിടയില്‍ വന്ന മഴ വിശ്വാസികള്‍ക്ക് അനുഗ്രഹമായി. പ്രാര്‍ത്ഥനക്ക് സൂഫി വര്യന്‍ ഏലംങ്കുളം ബാപ്പു മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി, അബ്ദുല്ല ഫൈസി ചെങ്കള, അബ്ദുല്‍ സലാം ദാരിമി ആലംപാടി, സാലിഹ് മുസ്‌ല്യാര്‍ ചൗക്കി, അബ്ബാസ് ഫൈസി പുത്തിഗെ സംബന്ധിച്ചു.
Next Story

RELATED STORIES

Share it