kasaragod local

വേനല്‍മഴയില്‍ കൃഷിനശിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടിയില്ല

കാഞ്ഞങ്ങാട്: മൂന്ന് വര്‍ഷം മുമ്പുണ്ടായ വേനല്‍മഴയില്‍ കൃഷി നശിച്ച മടിക്കൈയിലെ കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല. 2013 ഏപ്രില്‍ 26 നാണ് മടിക്കൈ പഞ്ചായത്തിനെ അപ്പാടെ വെള്ളത്തിലാക്കിയ പേമാരി പെയ്തത്. ആയിരക്കണക്കിന് നേന്ത്രവാഴകള്‍ തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ വേനല്‍മഴയിലും കാറ്റിലും നശിച്ചിരുന്നു.
മടിക്കൈക്ക് പുറമെ പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും വേനല്‍മഴ നാശം വിതച്ചിരുന്നു. 11 കോടിയുടെ നാശമാണ് അന്ന് സംഭവിച്ചതെന്ന് ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമാണ് ഇതുവരെ ലഭിച്ചത്. പത്ത് കോടിയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഇനിയും നടപടിയായിട്ടില്ല. തുക അനുവദിച്ചതായി അന്നത്തെ കൃഷിമന്ത്രി കെ പി മോഹനന്‍ നിയമസഭയെ അറിയിച്ചിരുന്നു. ബാങ്കുകളില്‍ നിന്നും മറ്റും ആയിരക്കണക്കിന് രൂപ വായ്പയെടുത്താണ് മടിക്കൈയിലെ കര്‍ഷകര്‍ നേന്ത്രവാഴക്കൃഷി നടത്തുന്നത്.
അന്നത്തെ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പലതവണ ഈ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടിരൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇന്ന് ഇദ്ദേഹം എംഎല്‍എ മാത്രമല്ല റവന്യൂ മന്ത്രിയുമാണ്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ പ്രതീക്ഷയിലുമാണ്.
Next Story

RELATED STORIES

Share it