wayanad local

വേനല്‍ച്ചൂടില്‍ ഫാന്‍ വിപണിക്കും ചൂടുപിടിക്കുന്നു

മാനന്തവാടി: കനത്ത വേനല്‍ച്ചൂടില്‍ ഫാന്‍ വിപണിക്കും ചൂടുപിടിക്കുന്നു. ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ കടകളിലെല്ലാം തന്നെ ഫാനിന്റെ കച്ചവടം പൊടിപൊടിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വേനല്‍ കനത്ത ഫെബ്രുവരി പകുതിയോടെ തന്നെ ഫാന്‍ അന്വേഷിച്ച് കടകളില്ലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. 1,800 മുതല്‍ 3,000 രൂപവരെ വിലയുള്ള പെഡസ്ട്രിയന്‍ ഫാന്‍, 1,500 മുതല്‍ 2,500 രൂപ വരെയുള്ള ടേബിള്‍ ഫാന്‍, 800 മുതല്‍ 2,000 രൂപ വരെ വിലയുള്ള സീലിങ് ഫാന്‍, 1,800 മുതല്‍ 3,000 രൂപവരെ വിലയുള്ള വാള്‍ ഫാന്‍ എന്നിവയാണ് കടകളില്‍ പ്രധാനമായും ലഭ്യമാവുന്നത്. ഇതില്‍ പെഡസ്ട്രിയന്‍, വാള്‍ ഫാന്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. മുന്‍ വര്‍ഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ജില്ലയിലെ വരണ്ട പ്രദേശങ്ങളില്‍ നിന്ന് എസിക്കും കൂളറിനും ആവശ്യക്കാര്‍ എത്തുന്നുണ്ടെന്നത് ജില്ലയിലെ കാലാവസ്ഥാ വ്യതിയാനമാണ് വ്യക്തമാക്കുന്നത്.
പ്രതിദിനം ഒരു കടയില്‍ നിന്നും 30നും 40നും ഇടയില്‍ ഫാനുകള്‍ വില്‍പന നടത്തുന്നുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഫാനിന്റെ കച്ചവടം ലഭിക്കാറുള്ളതെങ്കില്‍ ഇത്തവണ ഇത് മെയ് വരെ നീണ്ടുനില്‍ക്കുമെന്ന പ്രതീക്ഷയില്‍ വ്യാപാരികളെല്ലാം വന്‍ സ്റ്റോക്കുകളാണ് കരുതിയിട്ടുള്ളത്.
Next Story

RELATED STORIES

Share it