wayanad local

വേനലും കാട്ടുതീയും വീണ്ടുമെത്തി; ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല

മാനന്തവാടി: രണ്ടു വര്‍ഷം മുമ്പ് ജില്ലയിലുണ്ടായ കാട്ടുതീയെക്കുറിച്ചുള്ള ക്രൈബ്രാഞ്ച് അന്വേഷണം മറ്റൊരു വേനല്‍ക്കാലവും കാട്ടുതീയുമെത്തിയിട്ടും ഇഴയുന്നു. സൈബര്‍സെല്ലുള്‍പ്പെടെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
ഫോറന്‍സിക് റിപോര്‍ട്ട് ലഭിക്കാനുള്ള കാലതാമസമാണ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു തടസ്സമായി അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍, അന്വേഷണം എങ്ങുമെത്തിക്കാനാവാതെ ക്രൈബ്രാഞ്ച് ഇരുട്ടില്‍ തപ്പുന്നുവെന്നാണ് ആക്ഷേപം. 2014 മാര്‍ച്ച് 17 മുതല്‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തമുണ്ടായി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട തിരുനെല്ലിയില്‍ മാത്രം 1,300ഓളം ഹെക്റ്റര്‍ വനഭൂമി കത്തിയതായാണ് കണക്കുകള്‍. കോടിക്കണക്കിന് രൂപയുടെ വന്‍മരങ്ങളും അപൂര്‍വയിനം ഔഷധസസ്യങ്ങളും വിവിധയിനം ചെറുതും വലുതുമായ വന്യജീവികളും പക്ഷികളും ചാമ്പലായി. ദിവസങ്ങളോളം പ്രയത്‌നിച്ചാണ് ഫയര്‍ഫോഴ്‌സും സംഘവും തീ പൂര്‍ണമായി അണച്ചത്. കസ്തൂരിരംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിച്ചു നില്‍ക്കുന്ന സമയമായതിനാല്‍ തീയണയ്ക്കുന്നതിന് നാട്ടുകാരുടെ സഹകരണം പോലും വനംവകുപ്പിന് ലഭിച്ചില്ല. ജില്ലയില്‍ ഒരേ സമയത്ത് കാട്ടുതീയുണ്ടായതു സ്വാഭാവികമല്ലെന്നും ഇതിനു പിന്നില്‍ ചില ആസൂത്രണങ്ങളുണ്ടായിരുന്നുവെന്നും വനംവകുപ്പ് തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. വനംമന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം 2014 ജൂലൈയിലാണ് അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
കണ്ണൂര്‍ ക്രൈബ്രാഞ്ച് എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കത്തിയ പ്രദേശത്തെ മണ്ണ് പരിശോധനയും വനംവകുപ്പ് ജീവനക്കാരെയും പ്രദേശവാസികളെയുമെല്ലാം ചോദ്യംചെയ്യലും പൂര്‍ത്തിയായിട്ടും കാര്യമായ തുമ്പൊന്നും ലഭിച്ചില്ലെന്നാണറിയുന്നത്.
തീപ്പിടിത്തമുണ്ടായ ദിവസങ്ങളില്‍ പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. മണ്ണ് പരിശോധിച്ചതിന്റെ ഫലം ഇനിയും ലഭിച്ചിട്ടില്ല. തീ പടരാന്‍ ഏതെങ്കിലും തരത്തിലുള്ള ഇന്ധനം ഉപയോഗിച്ചിരുന്നുവോ എന്നത് ഈ റിപോര്‍ട്ട് ലഭിച്ചാല്‍ വ്യക്തമാവും.
Next Story

RELATED STORIES

Share it